Thursday, September 24, 2026

കുമ്മനം രാജശേഖരനു ലഭിച്ച ഷാളുകള്‍ ഇനി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്റെ വസതിയിലാണ് ഇതിന്റെ പ്രവര്‍ത്തനം.

പര്യടനത്തിനിടെ കിട്ടിയ ഷാളുകള്‍, തോര്‍ത്തുകള്‍, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാന്‍ഡ് കര്‍ച്ചീഫ്, ടൗവ്വല്‍, തലയിണ കവര്‍ എന്നിവയാണ് നിര്‍മ്മിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോഹര്‍ ബോര്‍ഡുകളില്‍ ഗ്രോബാഗുകളും ക്യാരിബാഗുകളും ഫയലുകളുമായാണ് നിര്‍മ്മിക്കുന്നത്.

ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് മൂന്ന് ഘട്ടങ്ങളിലായി നടന്ന സ്വീകരണ പരിപാടിക്കിടെ കുമ്മനം രാജശേഖരന് കിട്ടിയത്. തുണികളുടെ കട്ടിംഗിനായി മൂന്നുപേരും സ്റ്റിച്ചിംഗിനായി പന്ത്രണ്ട് പേരുമാണുള്ളത്. രണ്ടാഴ്ചക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകും. തയ്യല്‍തൊഴിലാളി മസ്ദൂര്‍ സംഘത്തിലെ പ്രവര്‍ത്തകരും കുടുംബശ്രീയിലെ പ്രവര്‍ത്തകരുമാണ് നിര്‍മ്മാണത്തിന് പിന്നില്‍. വിവിധ സന്നദ്ധ സംഘടനകള്‍ ഇതിനോടകം ബാഗുകള്‍ക്കായി ഓര്‍ഡറുകള്‍ നല്‍കി കഴിഞ്ഞു. ബിജെപി ചാല ഏര്യാ ജനറല്‍ സെക്രട്ടറി നടരാജ്കണ്ണനാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നിര്‍മ്മിച്ച ബാഗ് ടി.പി സെന്‍കുമാര്‍ ചലച്ചിത്ര താരം മേനകാസുരേഷിന് നല്‍കി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവര്‍ക്ക് നിര്‍മ്മിക്കുന്ന സാധനങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.

ഏത് സാധനങ്ങളും വലിച്ചെറിയാനുള്ളതല്ല. ഉപയോഗിച്ചതിന് ശേഷം വീണ്ടും പ്രയോജനപ്പെടുത്തുന്നതാണ് നമ്മുടെ സംസ്‌കാരമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പുനര്‍നവ എന്ന പേര് തന്നെ അന്വര്‍ത്ഥമാണ്. നവീകരിച്ച് പുനരുപയോഗം ചെയ്യുന്ന സംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

Related Articles

Latest Articles