തിരുവനന്തപുരം: ശക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് സംസ്ഥാനത്തെ ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുകയാണ് സർക്കാർ. പുതിയ ലോക്ക്ഡൗൺ ഇളവുകൾ ആരോഗ്യമന്ത്രി ഇന്ന് നിയമസഭയെ അറിയിക്കും. ടിപിആർ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന രീതിയാണ് മാറുന്നത്. ഇതോടെ, വ്യാപാരികളടക്കം സമരരംഗത്തുള്ളവർ എല്ലാവരും പിന്മാറുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുൻപായി ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി കാര്യങ്ങൾ വിശദീകരിക്കും. പുതിയ മാറ്റങ്ങൾ ഏകോപിപ്പിക്കുന്നതിന് ഓരോ ജില്ലകളിലും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് പ്രത്യേകം ചുമതല നൽകി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു.
ലോക്ക്ഡൗൺ മാറുന്നതിങ്ങനെ….
- ഞായറാഴ്ച മാത്രമേ ഇനി മുതൽ ലോക്ക്ഡൗൺ ഉണ്ടാവൂ, ശനിയാഴ്ചത്തെ ലോക്ക്ഡൗൺ ഒഴിവാക്കി, അടുത്ത ആഴ്ച മുതൽ മാനദണ്ഡങ്ങൾ നിലവിൽ വരും. കടകൾ 9 മണി വരെ തുറക്കും.
- ടിപിആർ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗണിന് പകരം വാർഡുകളിൽ രോഗികളുടെ എണ്ണം കണക്കാക്കിയായിരിക്കും ഇനി ലോക്ക്ഡൗൺ. ഇതോടെ, വൻ വിമർശനമേറ്റു വാങ്ങിയ, ടിപിആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനം മുഴുവനായി അടച്ചിടുന്ന രീതി മാറുകയാണ്.
- ഒരു തദ്ദേശ വാർഡിൽ എത്ര രോഗികളെന്നത് കണക്കാക്കി, നിശ്ചിത ശതമാനത്തിന് മുകളിലാണെങ്കിലാകും ഇനിയുള്ള അടച്ചിടൽ. നിയന്ത്രണം മൈക്രോകണ്ടെയിന്മെന്റ് രീതിയിലേക്ക് മാറുന്നു. ഒരു വാർഡിൽ ആയിരം പേരിലെത്ര രോഗികൾ എന്ന രീതിയിൽ കണക്കാക്കാനാണ് ആലോചന. അന്തിമ തീരുമാനം ഇന്ന് നിയമസഭയിൽ പ്രഖ്യാപിക്കും.
- വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കി, ബാക്കിയെല്ലാ ദിവസവും കടകൾ 9 മണി വരെ തുറക്കാം. സ്വാതന്ത്യദിനവും മൂന്നാം ഓണവും ഞായറാഴ്ചയാണെന്നതിനാൽ ഈ ദിവസങ്ങളിൽ വാരാന്ത്യ ലോക്ക്ഡൗണില്ല. മാറ്റങ്ങൾ നാളെ മുതൽ നിലവിൽ വരും. വ്യാപാരികൾക്കും തദ്ദേശസ്ഥാപനങ്ങൾക്കും മുകളിലെ ഭാരം നീങ്ങുന്നത് കൂടിയാണ് പുതിയ രീതി.
- രോഗികൾ കൂടുതലുള്ള സ്ഥലങ്ങളിൽ നിലവിൽ ഡി കാറ്റഗറി മേഖലകളിലുള്ളത് പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടർന്നേക്കും. സംസ്ഥാനത്ത് നിലവിൽ 323 തദ്ദേശ സ്ഥാപനങ്ങൾ ട്രിപ്പിൾ ലോക്കിലാണ്. പുതിയ രീതി വരുന്നതോടെ ട്രിപ്പിൾ ലോക്ക്ഡൗണിലുള്ള സ്ഥലങ്ങളുടെ എണ്ണം നന്നേ കുറയും. പൊതുസ്ഥലങ്ങളിലും, കടകളിലും വാക്സിനെടുത്തവർക്കായിരിക്കും മുൻഗണന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

