Wednesday, December 24, 2025

ഓച്ചിറയില്‍ ബാറിനകത്ത് സംഘർഷം; ബിയര്‍ കുപ്പിയും കുപ്പി ഗ്ലാസും കൊണ്ട് മർദ്ദനമേറ്റ ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രതികൾക്കായി തിരച്ചിൽ

കൊല്ലം: ഓച്ചിറയില്‍ ബാറിനകത്ത് നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഓച്ചിറ പ്രയാര്‍ വടക്ക് സ്വദേശി സുജിത്ത് രാജിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ഓച്ചിറയിലെ ഒരു ബാറില്‍ മദ്യപിക്കാന്‍ എത്തിയവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്.

ബാറിനകത്തെ ഡെസ്‌കിന്റെ കാല് പൊക്കി വെച്ചിരുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ബിയര്‍ കുപ്പി കൊണ്ടുള്ള അടിയിലും ഗ്ലാസുകള്‍ കൊണ്ടുള്ള ഏറിലുമാണ് സുജിത്ത് രാജിന് ഗുരുതരമായി പരിക്കേറ്റത്. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഷാന്‍, അശ്വിന്‍ ,അജയ് ,നന്ദു അവരുടെ കൂടെയുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടുപേരും ചേര്‍ന്നാണ് ഇയാളെ ബിയര്‍ കുപ്പി കൊണ്ടും കുപ്പി ഗ്ലാസ് കൊണ്ടും മര്‍ദ്ദിച്ചതെന്നാണ് ബാര്‍ ജീവനക്കാര്‍ പറഞ്ഞു. സംഭവം അറിഞ്ഞ് ഓച്ചിറ പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

ഇവര്‍ക്കെതിരെ ഓച്ചിറ പോലീസ് കേസെടുത്തു .പ്രതികളില്‍ ഒരാളായ ഷാന്‍ എന്ന് വിളിക്കുന്ന കാക്ക ഷാന്‍ 2021ല്‍ കാപ്പ നിയമപ്രകാരം നടപടി നേരിട്ട പ്രതിയാണ്. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി എന്നും പ്രതികളെല്ലാം നിരവധി ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നും ഓച്ചിറ സിഐ പറഞ്ഞു. പരിക്കേറ്റ സുജിത്ത് രാജിന് തലയ്ക്കും ദേഹത്തും കയ്യിലും എല്ലാം ബിയര്‍ കുപ്പി കൊണ്ടുള്ള അടിയിലും ഗ്ലാസിന്റെ ചില്ലുകള്‍ തറച്ചുമാണ് പരിക്കുകള്‍.

Related Articles

Latest Articles