റാന്നി: കാറിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി ബ്ലോക്ക് പടിയിലാണ് അപകടമുണ്ടായത്. ചെങ്കോട്ട സ്വദേശി സുബ്രഹ്മണ്യൻ ഓടിച്ച വാഹനമാണ് വൈദ്യുതി പോസ്റ്റ് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ സുബ്രഹ്മണ്യന് ഗുരുതര പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അതേസമയം, പ്രധാനപ്പെട്ട ഒരു സംസ്ഥാനപാതയിൽ അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ജനങ്ങൾ ഉയർത്തുന്നുണ്ട്. അപകടത്തിൽ 110 കെ വിയുടെ ലൈൻ ആണ് പൊട്ടിയതെന്നും, അത്കൊണ്ട് തന്നെ ഇത് കോട്ടയം അടിമല ഡിവിഷന് കീഴിൽ വരുന്നതാന്നെന്നും അധികൃതർ പറയുന്നു. കോട്ടയം അടിമലയിൽ നിന്നും ഉദ്യോഗസ്ഥർ വന്നാൽ മാത്രമേ റാന്നി ബ്ലോക്ക് പടിയിൽ നിന്നും വൈദ്യുതി പോസ്റ്റ് മാറ്റാൻ സാധിക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം.

