ന്യൂയോർക്ക് : പറക്കുന്ന വിമാനത്തിൽ വച്ച് മദ്യപാനിയായ സഹയാത്രികൻ അമ്മയെയും കൗമാരക്കാരിയായ മകളെയും ഒൻപതു മണിക്കൂറോളം ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു. ന്യൂയോർക്കിൽ നിന്ന് ഏഥൻസിലേക്കു പോകുകയായിരുന്ന ഡെൽറ്റ എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. സംഭവത്തിനിടയാക്കിയത് വിമാന കമ്പനിയുടെ കടുത്ത അനാസ്ഥയാണെന്നാരോപിച്ച് നഷ്ടപരിഹാരമായി 2 മില്യൻ ഡോളര്‍ നൽകണമെന്ന ആവശ്യമുന്നയിച്ച് അമ്മയും മകളും വിമാനക്കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു.
യാത്രക്കാരന്റെ മോശം പെരുമാറ്റത്തിൽ പലതവണ പരാതി നൽകിയെങ്കിലും വിമാന ജീവനക്കാരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും മദ്യപിച്ച് വിമാനത്തിൽകയറിയ യാത്രക്കാരന് ജീവനക്കാർ വീണ്ടും മദ്യം നൽകിയെന്നും പരാതിക്കാർ പറയുന്നു .
മദ്യപിച്ച പ്രതി തൊട്ടടുത്തിരിക്കുന്ന അമ്മയോടും 16 വയസ്സുള്ള മകളോടും സംസാരിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ഇയാളെ അവഗണിച്ചു. പിന്നാലെ അക്രമാസക്തനായ ഇയാൾ അവരുടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. പിന്നാലെ മോശം ആംഗ്യങ്ങൾ കാണിച്ച് അമ്മയുടെയും മകളുടെയും മേൽവിലാസം തിരക്കി. കൈകളിൽ പിടിച്ചു വലിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
മറ്റു യാത്രക്കാർ പ്രശനത്തിൽ ഇടപെടാൻ ശ്രമിച്ചെങ്കിലും ഇയാൾ അവരോടും മോശമായി പെരുമാറി. തുടർന്ന് സ്ത്രീ വിമാനത്തിലെ ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ശാന്തമായി ഇരിക്കാനാണ് ജീവനക്കാർ പറഞ്ഞത്. ഇതോടെയാണ് വിമാനക്കമ്പനിക്കെതിരെ പരാതി നൽകാൻ അമ്മയും മകളും തീരുമാനിച്ചത്.

