കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരരുത് എന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിച്ച് കൊണ്ട് ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
‘ബംഗാളിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ഏതൊരു സംസ്ഥാനത്തും വികസനം സാധ്യമാകണമെങ്കിൽ അവിടുത്തെ നിയമങ്ങളും സാഹചര്യങ്ങളും ശക്തിപ്പെടുക തന്നെ വേണം. എന്നാൽ ബംഗാളിൽ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. സന്ദേശ്ഖാലിയിലെ സംഭവങ്ങൾ തന്നെ ഇതിന് ഉദാഹരണമാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ കഴിയാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരരുത്.
ഇക്കുറി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനേയും, കോൺഗ്രസിനേയും, സിപിഎമ്മിനേയും ജനങ്ങൾ തുടച്ചുനീക്കണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് തൃണമൂൽ കോൺഗ്രസിന്റെ അവസാനമാകും. ബിജെപി അധികാരത്തിലെത്തും. ബംഗാളിൽ എല്ലാവിഭാഗം ജനങ്ങളും അവഗണന നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടാകണം രാഷ്‌ട്രീയം ചെയ്യേണ്ടത്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കണം. എന്നാൽ മമത ബാനർജിയുടെ ഭരണം അതിൽ നിന്ന് വ്യത്യസ്തമാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അവർ ശ്രമിക്കുന്നത്. തെറ്റിദ്ധാരണ പരത്തിക്കൊണ്ട് ആളുകളെ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും’ രാജ്‌നാഥ് സിംഗ് വിമർശിച്ചു.

