ഫുജൈറ : കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലികൾക്കിടെ മലയാളി മുങ്ങൽ വിദഗ്ധനെ കടലിൽ കാണാതായി. തൃശൂർ അടാട്ട് സ്വദേശി അനിൽ സെബാസ്റ്റ്യനെ (32) കാണാതായത്. കഴിഞ്ഞ പത്ത് വർഷത്തിലധികമായി ഡൈവിങ് രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യയിലെതന്നെ മികച്ച മുങ്ങൽ വിദഗ്ധരിലൊരാളായി പേരെടുത്ത ഡൈവറാണ്.
കടലിൽ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹൾ) ഉള്ളിൽ കയറി വൃത്തിയാക്കുന്ന അപകടം നിറഞ്ഞ ജോലിയുടെ സൂപ്പർവൈസറായിരുന്നു അനിൽ. വിദഗ്ധരായ ഡൈവർമാർക്കു മാത്രമാണ് ഈ ജോലിയിൽ ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുക. ഒപ്പം ജോലിക്കുണ്ടായിരുന്നവർക്ക് പ്രവൃത്തി പരിചയം കുറവായതിനാൽ ജോലി ഏറ്റെടുത്ത് അനിൽ ഞായറാഴ്ചയാണ് അനിൽ കപ്പലിന്റെ ഹള്ളിൽ പ്രവേശിച്ചത്. . നിശ്ചിത സമയത്തിനു ശേഷവും അദ്ദേഹം മുകളിലെത്താത്തതിനാൽ കപ്പൽ അധികൃതർ ഫുജൈറ പോലീസിന്റെ സഹായം തേടുകയായിരുന്നു. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള ഏരിസ് മറൈന്റെ കപ്പലിലാണ് അനിൽ അകപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പോലീസിലെ മുങ്ങൽ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാർഡും ചേർന്ന് സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്.
ഉള്ളിലേക്ക് വലിച്ചടുപ്പിക്കാൻ ശക്തിയുള്ള യന്ത്രങ്ങളുടെ പ്രവർത്തനങ്ങൾ അടക്കമുള്ള അതീവ അപകടകരമായ സാഹചര്യങ്ങളാണ് കപ്പലിന്റെ അടിത്തട്ടിലുള്ളത്. അനിൽ കപ്പലിന്റ ഏതു ഭാഗത്താണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

