തിരുവനന്തപുരം: കേരളത്തിൽ സിപിഐഎം-കോൺഗ്രസ് കൂട്ടുകെട്ടാണ് നടക്കുന്നതെന്നും പിണറായി വാഴ വെട്ടുമ്പോൾ സുധാകരൻ കഴുക്കോൽ ഊരുകയാണെന്നും രൂക്ഷമായി വിമർശിച്ച് എ.എൻ.രാധാകൃഷ്ണൻ.കെ വിദ്യയെ കാണാതായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് എന്ത് കൊണ്ടാണെന്നും,പിണറായിയുടെയും പോലീസിന്റെയും ഒത്തുകളിയാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.മാദ്ധ്യമങ്ങൾക്കെതിരെ പിണറായിയും പാർട്ടിയും നടത്തുന്ന വെല്ലുവിളികൾ ജനങ്ങളെ ഒന്നടങ്കം വെല്ലുവിളിക്കുന്നതാണെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയ കേസിൽ എസ്എഫ്ഐ നേതാവ് ആർഷോയുടെ മാധ്യമങ്ങളോടുള്ള പ്രതികരണം കണ്ടാൽ പത്മശ്രീ കിട്ടിയ പോലെ ആണെന്നും ഗോവിന്ദന്റെ ഒക്കെ പ്രസ്താവനകൾ കേട്ടാൽ പൊന്നാപുരം കോട്ട വെട്ടിപിടിച്ചപോലെയാണെന്നും എ.എൻ.രാധാകൃഷ്ണൻ പരിഹസിച്ചു.
അതേസമയം വ്യാജരേഖ ചമച്ച കേസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുകയാണ്. വിദ്യ നൽകിയ രേഖകൾ അന്വേഷണസംഘം പരിശോധിക്കും. സിൻഡിക്കേറ്റ് ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അന്വേഷണം നാളെ ആരംഭിക്കും. രാവിലെ 11 മണിക്ക് കമ്മിറ്റി യോഗം ചേരും. സംവരണ അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷണസംഘം പരിശോധിക്കും. പിഎച്ച്ഡി ക്രമക്കേടിൽ അന്വേഷണം വൈകുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി.

