ദില്ലി : മാലിദ്വീപ് വിഷയം കത്തിനിൽക്കുന്നതിനിടെ ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മിനിക്കോയ് ദ്വീപിലാകും വിമാനത്താവളം നിർമ്മിക്കുക എന്നാണ് ലഭിക്കുന്ന വിവരം. ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക എന്നതിനൊപ്പം യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും.ഇതോടെ മേഖലയിൽ സ്വാധീനം ശക്തമാക്കാൻ ശ്രമിക്കുന്ന ചൈനയ്ക്കും ശക്തമായ തിരിച്ചടി നൽകാൻ ഭാരതത്തിനാകും. സൈനിക-വാണിജ്യ വ്യോമഗതാഗതം ഒരു പോലെ സാദ്ധ്യമാക്കുന്ന വിമാനത്താവളമായിരിക്കും മിനിക്കോയില്‍ വരുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പദ്ധതി സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനകളിള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍മാണം സംബന്ധിച്ചുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നുമാണ് ഔദ്യോഗിക വിവരം.
ലക്ഷദ്വീപില്‍ വ്യോമത്താവളം വരുന്നതിലൂടെ അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. മിനിക്കോയിലേക്കു കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു.നിലവില്‍ അഗത്തിയിലാണ് ദ്വീപിൽ വിമാനത്താവളമുള്ളത്. എന്നാല്‍ ഇവിടെ എല്ലാതരത്തിലുള്ള വിമാനങ്ങള്‍ക്കും ഇറങ്ങാനാകില്ല.

