Tuesday, May 14, 2024
spot_img

ഗവർണർക്കെതിരായ ഹർത്താൽ: സി.പി.എമ്മും സർക്കാരും ഭരണഘടനയെ വെല്ലുവിളിക്കുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സി.പി.എമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ കണ്ടത്. സംസ്ഥാന ഭരണത്തലവനെ ഇടുക്കിയിൽ കാലുകുത്തിക്കില്ലെന്ന സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ നിലപാട് ജനാധിപത്യ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എം.എം. മണി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഗവർണറെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്. വളരെ മോശം പദം ഗവർണർക്കെതിരെ ഉപയോഗിച്ച മുൻ മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണം. ഇടുക്കിയിൽ ഗവർണർക്കെതിരെ നടന്ന പ്രതിഷേധങ്ങൾ സംസ്ഥാനത്തിന് നാണക്കേടായി. ഭൂനിയമ ഭേദഗതി ബില്ലിൽ മൂന്നുതവണ സർക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന ഗവർണറുടെ ആരോപണം ഗൗരവതരമാണ്.

കേന്ദ്രസർക്കാർ മലയോരനിവാസികൾക്ക് വേണ്ടി നിയമം ഉണ്ടാക്കുമ്പോൾ സംസ്ഥാന സർക്കാർ അവരെ പ്രതിസന്ധിയിലാക്കാനാണ് നിയമം ഉണ്ടാക്കുന്നത്. പിണറായി സർക്കാരിൻ്റെ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്തതാണ് ഗവർണർക്കെതിരെ സി.പി.എമ്മിൻ്റെ പുതിയ പ്രകോപനത്തിന് കാരണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Related Articles

Latest Articles