Saturday, December 13, 2025

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ചുള്ള ഒരുവയസുകാരന്റെ മരണം ! കുട്ടിക്ക് കുടുംബം മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആരോപണം; മാതാപിതാക്കളുടെ മൊഴിയെടുക്കുന്നു

മലപ്പുറം : കോട്ടയ്ക്കലില്‍ മഞ്ഞപിത്തം ബാധിച്ച് ഒരുവയസുകാരന്‍ മരിച്ചത് മതിയായ ചികിത്സ നല്‍കാത്തതിനാലെന്ന് ആരോപണം.മലപ്പുറം കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും നവാസിന്റെയും മകന്‍ എസന്‍ എര്‍ഹാനാണ് മരിച്ചത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹിറയുടെയും നവാസിന്റെയും വീട്ടിലെത്തി മൊഴിയെടുത്തു. എന്നാൽ കുഞ്ഞിന്റെ ബന്ധുക്കള്‍ ഈ ആരോപണം തള്ളിക്കളയുകയാണ്.

കുഞ്ഞിന് മഞ്ഞപ്പിത്തം ഇല്ലായിരുന്നുവെന്നും പാലുകുടിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നുമാണ് ബന്ധുക്കള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്നവരാണ് എന്നാണ് വിവരം. മഴ നനഞ്ഞാല്‍ മഞ്ഞപ്പിത്തം മാറും എന്ന തരത്തിലുള്ള അബദ്ധധാരണകളടക്കം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു എന്ന വിവരങ്ങളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട് . കുറച്ചുദിവസങ്ങളായി കുഞ്ഞിന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഗുരുതരാവസ്ഥയിലായിട്ടും കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ഏതെങ്കിലും തരത്തിലുള്ള ആധുനിക ചികിത്സ നല്‍കാനോ മാതാപിതാക്കള്‍ തയ്യാറായില്ല. കുഞ്ഞിനെ മഴനനയിക്കുന്നതടക്കമുള്ള ചികിത്സാരീതികള്‍ ഇവര്‍ നടത്തിയിരുന്നതായാണ് വിവരം. ഇന്നലെ ഉച്ച കഴിഞ്ഞതോടെ കുഞ്ഞിന്റെ സ്ഥിതി അതീവഗുരുതരമായിട്ടും ആശുപത്രിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ തയ്യാറായില്ലെന്നാണ് വിവരം. വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെ വീടിനുസമീപത്തെ പള്ളിയില്‍ കുഞ്ഞിനെ സംസ്‌കരിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Latest Articles