ചെന്നൈ : ശ്രീരാമ ഭഗവാനും രാജ്യത്തിനുമെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ എംപി എ രാജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് എ രാജ നടത്തിയതെന്നും ഭാരതത്തെയും ദേശീയതയെയും എം പി ചോദ്യം ചെയ്തുവെന്നും ബിജെപി നേതാവ് അമിത് മാളവ്യ തുറന്നടിച്ചു. ശ്രീരാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്നായിരുന്നു എ രാജയുടെ വിവാദ പരാമർശം. ഇതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ എക്‌സിലൂടെയായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.
ഡിഎംകെയുടെ ഭാഗത്ത് നിന്നും വർഗീയ പരാമർശമുണ്ടാകുന്നത് തുടരുകയാണ്. ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തെ മഹാമാരിയാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ എംപി എ രാജ ഭഗവാൻ ശ്രീരാമനെയും ഭാരതത്തെയും അവഹേളിച്ചിരിക്കുന്നത്. ഭാരതം, ദേശീയത എന്നീ ആശയങ്ങളെ ഡിഎംകെ എംപി ചോദ്യം ചെയ്യുകയാണെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു. കൂടാതെ, ഡിഎംകെ നേതാവിന്റെ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോയും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
ഡിഎംകെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഡിഎംകെ എംപി എ രാജയുടെ വിവാദ പരാമർശം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ രാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്നും, ഇന്ത്യ രാജ്യമല്ലെന്നുമായിരുന്നു ഡിഎംകെ എംപി പറഞ്ഞത്. ഡിഎംകെയ്ക്ക് ശ്രീരാമനെയോ ഭാരത മാതാവിനെയോ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.

