ലക്നൗ∙ ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ലക്നൗവിനെതിരെ പഞ്ചാബിന് രണ്ട് വിക്കറ്റ് വിജയം. മത്സരത്തിൽ ടോസ് നേടിയപഞ്ചാബ് ലക്നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സ് 19.3 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിജയതീരമണിഞ്ഞു. അർധസെഞ്ചുറിയുമായി പോരാട്ടം നയിച്ച സിക്കന്ദർ റാസയാണ് കളിയിലെ കേമൻ.
പഞ്ചാബിനെതിരെ ക്യാപ്റ്റൻ കെ.എൽ.രാഹുൽ നേടിയ അർധസെഞ്ചറിയുടെ മികവിലാണ് ലക്നൗ ഭേദപ്പെട്ട സ്കോറിലെത്തിയത്. മെല്ലെപ്പോക്ക് ബാറ്റിങ്ങിന്റെ പേരിൽ നിരന്തരം വിമർശനം ഏറ്റുവാങ്ങുന്ന താരം പതിവിൽ നിന്ന് വ്യത്യസ്തമായി തകർത്തടിച്ചു. ഓപ്പണറായി ഇറങ്ങിയ രാഹുൽ 56 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 74 റൺസെടുത്തു. രാഹുലിന് പുറമെ ഓപ്പണർ കൈൽ മയേഴ്സ് (23 പന്തിൽ 29), ക്രുനാൽ പാണ്ഡ്യ (17 പന്തിൽ 18), മാർക്കസ് സ്റ്റോയ്നിസ് (11 പന്തിൽ 15) എന്നിവർ മാത്രമാണ് ലക്നൗ നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിന്നത്. പഞ്ചാബിനായി ശിഖർ ധവാന്റെ അഭാവത്തിൽ ടീമിനെ നയിച്ച ക്യാപ്റ്റൻ സാം കറൻ നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. കഗീസോ റബാദ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ തുടക്കം പതർച്ചയോടെയാണെങ്കിലും അർധസെഞ്ചുറി നേടിയ സിംബാബ്‍വെ താരം സിക്കന്ദർ റാസയുടെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. റാസ 41 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 57 റൺസെടുത്തു. മാത്യു ഷോർട്ട് (22 പന്തിൽ 34), ഹർപ്രീത് സിങ് ഭാട്യ (22 പന്തിൽ 22) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച തമിഴ്‌നാട് താരം ഷാറൂഖ് ഖാനാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഷാറൂഖ് 10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 23 റൺസെടുത്തു. ലക്നൗവിനായി യുധ്‌വീർ സിങ്ങും രവി ബിഷ്ണോയും മാർക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

