കണ്ണൂര്‍ : മകനെ ജാമ്യത്തില്‍ ഇറക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ വയോധികയായ അമ്മയ്ക്കുനേരെ ധര്‍മടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ആക്രോശം. അമ്മയെ അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് ധര്‍മടം സ്റ്റേഷനിലെ എസ്എച്ച്ഒ സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ഇവർ പരാതി നല്‍കി. മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റമാരോപിച്ചാണ് മകനായ അനിൽകുമാറിനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു
അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കാനാണ് അമ്മയും സഹോദരനും സ്റ്റേഷനിൽ എത്തിയത്. എസ്എച്ച്ഒ ടീഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിൽ ആയിരുന്നു. ‘എടുത്തോണ്ട് പോടാ’യെന്ന് ഇയാൾ അലറുന്നത് വിഡിയോയിൽ കേൾക്കാം. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പൊലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറയുന്നുണ്ട്. ‘എണീറ്റു പോകൂ’ എന്നാണ് എസ്എച്ച്ഒ ആവശ്യപ്പെടുന്നത്. അമ്മയെ എന്തിനാണ് ചീത്ത വിളിക്കുന്നതെന്ന് മകൻ ചോദിക്കുന്നുണ്ട്. പലപ്പോഴും ആക്രോശിച്ചുകൊണ്ട് ‘എണീറ്റു പോകൂ’ എന്നാണ് എസ്എച്ച്ഒ മറുപടി നൽകുന്നത്.
വയ്യാത്ത സ്ത്രീയാണെന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സ്മിതേഷിനോട് സ്റ്റേഷനിലെ വനിതാ പൊലീസുകാർ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. എസ്എച്ച്ഒ മദ്യപിച്ചിരുന്നുവെന്നും സൂചനയുണ്ട്. വിഷയത്തിൽ സ്പെഷൽ ബ്രാഞ്ചും സ്മിതേഷിനെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

