കണ്ണൂർ: കാറിൽ ചാരി നിന്ന ആറുവയസ്സുകാരന് ക്രൂരമർദനം. കണ്ണൂർ തലശേരിയിലാണ് സംഭവം നടന്നത്. കാറിൽ ചാരി നിൽക്കുന്ന കുട്ടിയെ ഒരാൾ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് കുട്ടിയെ മർദിച്ചത്. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു ആ കാർ. ഇതിനിടയിൽ കാറിൽ തൊട്ട ശേഷം കുട്ടി കാറിൽ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുമുണ്ട്. ഇത് നാട്ടുകാർ ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും മർദനത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു ഇയാൾ ആറ് വയസ്സുകാരനെ ആക്രമിച്ചത്. തുടർന്ന് ദൃക്‌സാക്ഷിയായ യുവ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ശിഹ്ഷാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെ രാവിലെയോടെ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരികയും സംഭവം വലിയ വാർത്തയാകുകയും ചെയ്തിരുന്നു. സംഭവത്തിൽ പോലീസുകാർക്കെതിരെയും വ്യാപക വിമർശനം ഉയർന്നതോടെയാണ് ശിഹ്ഷാദിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ബാലാവകാശ കമ്മീഷൻ സ്വമേധയാകേസെടുത്തു. വധശ്രമത്തിനാണ് ശിഹ്ഷാദിനെതിരെ കേസ് എടുത്തിട്ടുള്ളത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

