Saturday, December 13, 2025

ചൈനയുടെ ഡ്രാഗൺ മാർട്ടിന് ശക്തമായ എതിരാളി !യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാർക്ക് ശക്തമായ അടിത്തറ ! ഭാരത് മാർട്ടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

യുഎഇയിലെ ജബൽ അലി ഫ്രീ ട്രേഡ് സോണിൽ ഡിപി വേൾഡ് നിർമിക്കുന്ന ഭാരത് മാർട്ടിൻ്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഭാരതത്തിന്റെ ചെറുകിട, ഇടത്തരം ഉത്പാദന മേഖലകളുടെ പ്രോത്സാഹനത്തിൽ ഭാരത് മാർട്ട് വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

യുഎഇയിലെ ഒരു വെയർഹൗസിംഗ് സൗകര്യമാണ് ഭാരത് മാർട്ട്. 2025-ഓടെ മാർട്ട് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചൈന ആരംഭിച്ച ‘ഡ്രാഗൺ മാർട്ട്’ എന്ന വെയർഹൗസിംഗ് സൗകര്യത്തിന് സമാന്തരമായാണ് ഭാരത് മാർട്ട് . ആഗോള ഉപഭോക്താക്കൾക്ക് വെയർഹൗസിംഗ് സൗകര്യത്തിൽ നിന്ന് സാധനങ്ങൾ വേഗത്തിൽ വാങ്ങാൻ സാധിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഭാരത് മാർട്ടിന് സഹായകമാകും.

അമേരിക്കയിലും ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപാരം നടത്തുന്നതിന് യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഭാരത് മാർട്ട് ഒരു അടിത്തറ നൽകും. ഭാരത് മാർട്ട് സൗകര്യം ചെലവ് കുറയ്ക്കുമെന്നും ഗതാഗതത്തിനായി നിലവിൽ എടുക്കുന്ന സമയം കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ധനം നിറയ്ക്കാൻ കപ്പലുകൾ തുറമുഖത്ത് എത്തുന്ന ഏഷ്യയിലെ ഒരു പ്രധാന ലോജിസ്റ്റിക് ഹബ്ബായാണ് യുഎഇ അറിയപ്പെടുന്നത്. മധ്യേഷ്യൻ മേഖലയിലേക്ക് വ്യാപാരം വ്യാപിപ്പിക്കാൻ ഉറ്റുനോക്കുന്ന കയറ്റുമതിക്കാർക്കും ഭാരത് മാർട്ട് ഗുണം ചെയ്യും.

യുഎഇയുടെ ജബൽ അലി ഫ്രീ സോണിലാണ് (JAFZA) ഭാരത് മാർട്ട് സ്ഥിതി ചെയ്യുന്നത്. ഡിപി വേൾഡാണ് സോൺ നിയന്ത്രിക്കുന്നത്. 2030ഓടെ പെട്രോളിതര വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്തുന്നതിനുള്ള ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) ഭാഗമാണ് ഭാരത് മാർട്ട്.

Related Articles

Latest Articles