Friday, December 19, 2025

കണ്ണൂരിൽ കിണറ്റിൽ നിന്ന് പുറത്തെടുത്ത പുലി ചത്തു ! നാളെ വയനാട്ടിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും

പാനൂര്‍ പെരിങ്ങത്തൂരില്‍ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വീടിന്റെ കിണറ്റില്‍നിന്നു വനംവകുപ്പ് പുറത്തെടുത്ത പുലി ചത്തു. അണിയാരത്തെ സുധീഷിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ബുധനാഴ്ച രാവിലെ 9.30-നായിരുന്നു പുലിയെ കണ്ടെത്തിയതെങ്കിലും വൈകുന്നേരം നാലരയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിക്കാനായത്. ഒന്നര മണിക്കൂറിലധികം നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴിയാണ് പുലി ചത്തത്. 10 മീറ്റര്‍ ആഴമുള്ള കിണറായതിനാല്‍ വീഴ്ചയില്‍ പുലിക്ക് പരിക്കുപറ്റിയിട്ടുണ്ടാവാമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. നാളെ വയനാട്ടില്‍ വച്ച് നടക്കുന്ന പോസ്റ്റ്‌മോര്‍ട്ടത്തിൽ മരണകാരണം അറിയാനാകും.

പ്രദേശത്ത് ആദ്യമായാണ് പുലി എത്തുന്നത് .പെരിങ്ങത്തൂര്‍ പുഴയിലൂടെ ഒഴുകിയാകാം പുലി എത്തിയത് എന്നാണ് കരുതുന്നതെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. വനംവകുപ്പിന്റെ പ്രത്യേകസംഘം വയനാട്ടില്‍ നിന്നും സംഭവസ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത് . വയനാട്ടില്‍ നിന്നെത്തിയ വെറ്റിനറി സര്‍ജന്‍ അജേഷ്‌ മോഹന്‍ദാസും പോലീസും സംഭവസ്ഥലത്തെത്തി. കിണറ്റിലെ വെള്ളം മുഴുവൻ പമ്പ് ചെയ്ത് വറ്റിച്ച ശേഷം വലയില്‍ കുരുക്കിയാണ് പുലിയെ പുറത്തെത്തിച്ചത്. പുലിയെ കിണറിന്റെ പകുതിയോളം ഉയര്‍ത്തിയ ശേഷം ആദ്യം മയക്കുവെടിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ മയക്കുമരുന്ന് കുത്തിവെച്ചു. തുടര്‍ന്ന് പാതിമയങ്ങിയ പുലിയെ പുറത്തെടുത്ത് വാഹനത്തിലെ കൂട്ടിലേക്കു മാറ്റുകയായിരുന്നു.

Related Articles

Latest Articles