Wednesday, May 15, 2024
spot_img

അഭിമന്യു വധക്കേസ്: അന്വേഷണത്തിൽ വീഴ്ചയാരോപിച്ച് കുടുംബം

മൂന്നാര്‍: മഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തി ഒരു വർഷം തികയുമ്പോഴും പ്രതികളെ മുഴുവൻ പിടികൂടാത്തതിൽ കുടുംബത്തിന് അതൃപ്തി. ഇക്കാര്യത്തിൽ പോലീസിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് അഭിമന്യുവിന്‍റെ കുടുംബം പരസ്യമായി രംഗത്തെത്തി. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്‍റെ വിമർശനം.

മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ കോടതിക്ക് മുന്നില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്‍റെ പിതാവ് മനോഹരന്‍ പറഞ്ഞു.

അഭിമന്യുവിന്‍റെ അമ്മാവനും പോലീസിനെതിരെ രംഗത്തുവന്നു.
അഭിമന്യുവിന്‍റെ കഥ പ്രതിപാദിക്കുന്ന നാന്‍ പെറ്റ മകന്‍ എന്ന സിനിമയെപ്പറ്റിയുള്ള മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിലാണ് അമ്മാവൻ തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്. അഭിമന്യു മരിച്ച് ഒരു വര്‍ഷം ആകാനായി. ചില പ്രതികള്‍ വിദേശത്തേക്ക് പോയെന്ന് പറയപ്പെടുന്നു. അന്വേഷണം എവിടംവരെയായി എന്നറിയില്ല. പോലീസുകാരെ മൊബൈലില്‍ ബന്ധപ്പെട്ടിട്ട് അവര്‍ പ്രതികരിക്കുന്നില്ല. മന്ത്രിയില്‍ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്നുമാണ് അമ്മാവന്‍ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്തത്..

കഴിഞ്ഞ വര്‍ഷം ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഭിമന്യുവിനെ പോപുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത് . കേസില്‍ ഇരുപതോളം പ്രതികളെ പോലീസ് പിടികൂടിയെങ്കിലും അഭിമന്യുവിനെ കുത്തിയ പ്രധാന പ്രതി ഷഹലിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.

Related Articles

Latest Articles