Tuesday, September 22, 2026

ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ട; നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: വിവാഹിതർക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനം മൂലം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 26കാരിക്ക് 21 ആഴ്‌ച്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനുള്ള അനുമതി നൽകികൊണ്ടാണ് ജസ്റ്റിസ് വി അരുണിന്റെ നിർണായക ഉത്തരവ്. ഗർഭാവസ്ഥയിൽ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് മെഡിക്കൽ ബോർഡും റിപ്പോർട്ട് നൽകിയിരുന്നു.

ബിരുദ വിദ്യാർത്ഥിയായിരിക്കെ യുവതി ബസ് കണ്ടക്ടറുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാൽ അധികം വൈകാതെ ഭർത്താവും ഭർതൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ ഗർഭിണിയായ യുവതിയെ സംശയം പ്രകടിപ്പിച്ചും ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി.

വിവാഹ ശേഷം യുവതിയെ ഭർത്താവും ഭർതൃമാതാവും സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നു. തുടർന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി, ഗർഭഛിദ്രത്തിന് കോട്ടയം മെഡിക്കൽ കോളേജിൽ ഫാമിലി പ്ലാനിംഗ് ക്ലിനിക്കിനെ സമീപിക്കുകയായിരുന്നു. എന്നാൽ ഭർത്താവുമായി നിയമപരമായി ബന്ധം വേർപിരിഞ്ഞതിന്റെ രേഖകളിലെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർമാർ മടക്കി തിരിച്ചയച്ചു. പിന്നീട് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

പിന്നാലെ വീണ്ടും ഡോക്ടർമാരെ സമീപിച്ചെങ്കിലും ഗർഭാവസ്ഥയിൽ 21 ആഴ്‌ച്ച പിന്നിട്ടുവെന്നും ആരോഗ്യത്തെ ബാധിക്കുമെന്നുമുള്ള കാരണം പറഞ്ഞ് ഡോക്ടർമാർ ഗർഭഛിദ്രത്തിന് വിസമ്മതിച്ചു. തുടർന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Latest Articles