തൃശൂർ: മണ്ണുത്തി ചെമ്പുത്രയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പുറകിൽ ബൈക്ക് ഇടിച്ച് പോലീസുകാരൻ മരിച്ചു. രാമവർമപുരം പോലീസ് ക്യാംപിലെ ഉദ്യോഗസ്ഥനും പാലക്കാട് ആലത്തൂർ കുനിശ്ശേരി സ്വദേശിയുമായ പനയംമ്പാറ കോച്ചം വീട്ടിൽ എം.എ.മനു ആണ് മരിച്ചത്.
റോഡരികിൽ പഞ്ചറായി നിർത്തിയിട്ട ടിപ്പറിനു പുറകിലേക്ക് ബൈക്കിടിച്ച് കയറുകയായിരുന്നു. മനു ഡ്യൂട്ടിയ്ക്ക് പോകാൻ വേണ്ടി വീട്ടിൽ നിന്ന് കേരള പോലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ടിപ്പറിന്റെ ഡ്രൈവർക്കും പരുക്കേറ്റു.

