Wednesday, May 15, 2024
spot_img

സ്‌കൂട്ടർ യാത്രികന്റെ മരണത്തിനിടയാക്കിയ കോട്ടയം കളത്തിപ്പടി അപകടത്തിൽ നടപടി!കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു ! തീരുമാനം വിജിലന്‍സ് വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്‌കൂട്ടർ യാത്രികന്റെ മരണത്തിനിടയാക്കിയ കോട്ടയം കളത്തിപ്പടി അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ നടപടി. സിഎംഡിയുടെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് വിഭാഗം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. അന്വേഷണത്തില്‍ ഡ്രൈവറുടെ അമിതവേഗതയും, അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു. ഡ്രൈവര്‍ വി ബ്രിജേഷിനെയാണ് സർവീസിൽ നിന്ന് പിരിച്ചുവിട്ടതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കഴിഞ്ഞ മാസം 29നാണ് കളത്തിപ്പടിയില്‍ വച്ച് തിരുവല്ല ഡിപ്പോയില്‍ നിന്ന് മധുരയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ഇരുചക്ര വാഹന യാത്രികന്‍ മരിച്ചത്.

അതേസമയം അപകടങ്ങള്‍ കുറയ്ക്കുന്നതിന് സമഗ്രകര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചായും കെഎസ്ആര്‍ടിസി അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങള്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട നിവാരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും മുഴുവന്‍ ബസുകളും സൂപ്പര്‍ ചെക്ക് ചെയ്ത് കുറ്റമറ്റതാക്കും. ഡോര്‍ ലോക്കുകള്‍ ഡോറിന്റെ പ്രവര്‍ത്തനം എന്നിവ പരിശോധിക്കും. ഡാഷ് ബോര്‍ഡ് ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കും. ബസുകളുടെ റണ്ണിംഗ് ടൈം പരിശോധിച്ച് അപാകത പരിഹരിക്കും. വേഗപരിധി ബസുകളില്‍ ക്രത്യമായി ക്രമീകരിക്കും.ഫ്രണ്ട് ഗ്ലാസ് വിഷന്‍, റിയര്‍ വ്യൂ മിറര്‍, ലൈറ്റുകൾ, ഹോണുകൾ, വൈപ്പറുകൾ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തും.റോഡപകടത്തിനു കാരണമാകുന്ന തരത്തിലുള്ള തകരാന്‍ വാഹനങ്ങള്‍ക്കുണ്ടോ എന്ന് സര്‍വ്വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി തുടരും.

യൂണിറ്റ് തലത്തില്‍ ചുമതലപെടുത്തിയിട്ടുള്ള യൂണിറ്റ്തല ആക്‌സിഡന്റ് സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ആവിഷ്‌കരിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും കെഎസ്ആര്‍ടിസി വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles