Monday, June 3, 2024
spot_img

നടൻ വിജയ് രാഷ്ട്രീയത്തിലേക്കോ ? സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നതിൻറെ ലക്ഷ്യമെന്ത് ?

ഇളയ ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനമാണ് കുറച്ചു കാലങ്ങളായി തമിഴ്‌നാട്ടിലെ ചർച്ച വിഷയം. തമിഴ് നടനാണെങ്കിലും കേരളത്തിലും ഇളയദളപതിക്ക് ഫാൻസ്‌ ഒരുപാടാണ്. അതുകൊണ്ട് തന്നെ വിജയ്‍യുടെ രാഷ്ട്രീയ പ്രവേശന വാർത്തകൾക്ക് എപ്പോഴും വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ഒരു റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായാണ് റിപ്പോർട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാണ് പുറത്തിറങ്ങുക. അതിന് ശേഷം സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടാനാണ് വിജയ് ആലോചിക്കുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നത് എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഈ വാർത്തകളോട് വിജയ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

സമീപകാലത്ത് വിജയ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ശക്തി പകരുന്നത്.
ജൂണ്‍ 17ന് വിദ്യാര്‍ഥികളുടെ സമ്മേളനം സംഘടിപ്പിച്ചതിനു പിന്നാലെ വിജയുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ പ്രധാന ചർച്ച വിഷയമാണ്. 234 നിയമസഭാ മണ്ഡലങ്ങളിലെയും മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ജൂണില്‍ വിജയ് മക്കള്‍ ഇയക്കം ആദരിച്ചിരുന്നു. വിജയ് നേരിട്ട് ഈ പരിപാടിയില്‍ പങ്കെടുക്കുകയും 12 മണിക്കൂറോളം ഇവിടെ ചെലവഴിക്കുകയും ചെയ്യുകയുണ്ടായി. രക്ഷിതാക്കളും വിദ്യാര്‍ഥികളും പങ്കെടുത്ത പരിപാടി വന്‍ വിജയമായിരുന്നു. അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ പണം വാങ്ങി വോട്ട് ചെയ്യുന്ന വിഷയം എടുത്തിട്ടതും വലിയ ചര്‍ച്ചയായി മാറി. അതിനിടെയാണ് വിജയ് സിനിമയില്‍ നിന്ന് അവധിയെടുത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങാൻ പോകുന്നു എന്ന വാർത്ത വന്നിരിക്കുന്നത്.

ദളപതി 68 എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം വിജയ് സിനിമയില്‍ നിന്ന് കുറച്ച് കാലം പിന്മാറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷത്തേക്ക് അദ്ദേഹം രാഷ്ട്രീയത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വിജയുടെ ആരാധക സംഘടനയിലെ നേതാക്കളും ഇതുസംബന്ധിച്ച് ചില സൂചനകള്‍ നേരത്തെ നല്‍കിയിരുന്നു. അതേസമയം, ദളപതി 68ല്‍ വിജയ് കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നും ഒരുപക്ഷേ, ഈ സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് തന്നെ വിജയ്രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles

Latest Articles