കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഫോണില്‍ നിന്ന് നശിപ്പിച്ച വിവരങ്ങളില്‍ വിചാരണ കോടതി രേഖകളും. ഒരു കാരണവശാലും പുറത്ത് പോകാൻ പാടില്ലാത്ത കോടതി രേഖകളാണ് ഇതെന്ന് അഭിഭാഷകന്‍ പറഞ്ഞതായി ഹാക്കര്‍ സായ് ശങ്കർ പറഞ്ഞു.
കോടതി രേഖകളില്‍ ചിലത് സായ് ശങ്കറിന്‍റെ വീട്ടില്‍ നിന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
കോടതി രേഖകള്‍ എങ്ങനെ ദിലീപിൻറെ ഫോണിലെത്തി എന്നത് അന്വേഷിക്കും. പകര്‍പ്പെടുക്കാന്‍ അനുവാദമില്ലാത്ത രേഖകളാണ് ദിലീപിൻറെ ഫോണിലെത്തിയത്.
അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്‍റെ രണ്ട് ഫോണ്‍ താന്‍ കോപ്പി ചെയ്ത് നല്‍കിയെന്നാണ് സായ് നേരത്തെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. ഇതില്‍ ഒരു ഫോണിലായിരുന്നു കോടതി രേഖകള്‍ ഉണ്ടായിരുന്നത്. ഫോണിലെ വിവരങ്ങള്‍ നീക്കുന്നതിനിടെ ദിലീപ് അറിയാതെ ഫോണ്‍ രേഖകള്‍ താന്‍ സ്വന്തം നിലയില്‍ കോപ്പി ചെയ്ത് വച്ചെന്നും ഹാക്കര്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇത് എന്തിനാണെന്ന ചോദ്യത്തിന് ഹാക്കര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല.

