കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. അതിൽ ദിലീപിന്‍റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.
ദിലീപ് ജാമ്യവ്യവസ്ഥകൾ ലഘിച്ചെന്ന് കാണിച്ചാണ് ക്രൈംബ്രാഞ്ച് ഹർജി നൽകിയത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകൾ ഉണ്ടെന്ന് അന്വേഷണസംഘം ഹർജിയിൽ പറയുന്നുണ്ട്.
മുമ്പ് ജിൻസൺ, വിപിൻലാൽ എന്നീ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പീച്ചി പോലീസും ബേക്കൽ പോലീസും രജിസ്റ്റർ ചെയ്ത കേസുകൾ ചൂണ്ടികാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ആ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്നാൽ തുടരന്വേഷണത്തിൽ ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റ നിരവധി തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം ചൂണ്ടികാട്ടുന്നു.

