Wednesday, January 7, 2026

പുകയില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി!!വിജ്ഞാപനമിറക്കി കേന്ദ്രം, വർധന ഫെബ്രുവരി 1 മുതൽ

ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026 ഫെബ്രുവരി ഒന്നാം തീയതി മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വരുമെന്ന് ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

പാൻ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി ഒന്ന് മുതൽ 40 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കും. ബീഡിക്ക് 18 ശതമാനം ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (ജിഎസ്ടി) ആയിരിക്കുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ഇതിനെല്ലാം പുറമെ, പാൻ മസാലയ്ക്ക് ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കും. അതേസമയം പുകയിലയ്ക്കും അനുബന്ധ ഉത്പന്നങ്ങൾക്കും അധിക എക്സൈസ് തീരുവ ഏർപ്പെടുത്തും.

ചവയ്ക്കുന്ന പുകയില, ജർദ (ഒരുതരം സുഗന്ധവ്യജ്ഞനം) സുഗന്ധമുള്ള പുകയില, ഗുട്ക പാക്കിങ് മെഷീനുകൾ ( (Capacity Determination and Collection of Duty ) ചട്ടങ്ങൾ 2026 ഉം ധനകാര്യ മന്ത്രാലയം ബുധനാഴ്ച വിജ്ഞാപനം ചെയ്തു.

പാൻ മസാല നിർമ്മാണത്തിന് പുതിയ ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ് ഈടാക്കാനും പുകയിലയ്ക്ക് എക്സൈസ് തീരുവ ഏർപ്പെടുത്താനും അനുവദിക്കുന്ന രണ്ട് ബില്ലുകൾ പാർലമെന്റ് ഡിസംബറിൽ അംഗീകരിച്ചിരുന്നു.

നികുതി വർദ്ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പ്രമുഖ സിഗരറ്റ് നിർമ്മാതാക്കളായ ഐ.ടി.സിയുടെ ഓഹരി വില 9.8 ശതമാനം താഴ്ന്നു. 2020-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഗോഡ്ഫ്രേ ഫിലിപ്‌സ് ഇന്ത്യയുടെ ഓഹരികളിൽ 17.6 ശതമാനത്തിന്റെ കുറവുണ്ടായി. ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് തുടങ്ങിയ ബ്രാൻഡുകൾ വിൽക്കുന്ന ഐ.ടി.സിക്കും മാൾബറോ വിൽക്കുന്ന ഗോഡ്ഫ്രേ ഫിലിപ്‌സിനും ഇത് വലിയ തിരിച്ചടിയാണ് നൽകുന്നത്.

പുതിയ നികുതി ഭാരം ഉപഭോക്താക്കളിലേക്ക് കൈമാറുന്നതിനായി കമ്പനികൾ സിഗരറ്റ് വിലയിൽ കുറഞ്ഞത് 15 ശതമാനമെങ്കിലും വർദ്ധനവ് വരുത്തേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഫെബ്രുവരി ഒന്നാം തീയതി മുതൽ പുതിയ സെസ്സും എക്സൈസ് ഡ്യൂട്ടിയും പ്രാബല്യത്തിൽ വരുന്നതോടെ പുകയില ഉൽപ്പന്നങ്ങളുടെ വിപണി വിലയിൽ വലിയ മാറ്റമുണ്ടാകും

Related Articles

Latest Articles