തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും. എൻ ഡി എ യോഗത്തിലാണ് തീരുമാനം. 62 കാരനായ മോഹൻ ജോർജ് കേരളാ സ്റ്റുഡന്റസ് കോൺഗ്രസിന്റെയും കേരളാ യൂത്ത് ഫെഡറേഷന്റെയും ജനറൽ സെക്രട്ടറിയായിരുന്നു. കേരളാ കോൺഗ്രസ് ബി യുടെ മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 47 വർഷം കേരളാ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നേതാവുമായിരുന്നു. മാർത്തോമാ സഭാ കൗൺസിൽ മെമ്പർ, മാർത്തോമാ കോളേജ് കൗൺസിൽ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ചുങ്കത്തറ മാർത്തോമാ പള്ളിയുടെ വൈസ് പ്രസിഡന്റും ചുങ്കത്തറ വൈ എം സി എ പ്രസിഡന്റുമാണ്.
നിലമ്പൂരിൽ നേരത്തെ ബിജെപി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന മാദ്ധ്യമ വാർത്തകളുണ്ടായിരുന്നു. നേരത്തെ നിലമ്പൂരിൽ മത്സരിച്ചിട്ടുള്ള ബി ഡി ജെ എസ് മത്സരിക്കുമെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ എൻ ഡി എ യോഗത്തിനു ശേഷമേ സ്ഥാനാർത്ഥിയെ തീരുമാനിക്കൂ എന്നാണ് ബിജെപി അറിയിച്ചിരുന്നത്. എൻ ഡി എ പ്രാദേശിക ഘടകങ്ങൾക്ക് മത്സരത്തിന് തയ്യാറെടുക്കാൻ ഇന്നലെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
യു ഡി എഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തും എൽ ഡി എഫ് സ്ഥാനാർത്ഥിയായി എം സ്വരാജും മത്സരരംഗത്തുണ്ട്. തൃണമൂൽ കോൺഗ്രസ്സിനുവേണ്ടി പി വി അൻവർ മത്സരിക്കും എന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഉടൻ നിലമ്പൂരിലെത്തും. പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് നേരത്തെ അൻവർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. യു ഡി എഫ് പ്രവേശനത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ചാണ് അൻവർ മത്സരത്തിനിറങ്ങുന്നത്. ഇതോടെ നിലമ്പൂരിൽ ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങുകയാണ്.

