Monday, September 21, 2026

രാഹുൽ മാങ്കൂട്ടത്തിൽ ജൂനിയർ എം എൽ എ ! അൻവറിനെ കാണാൻ ആരും ചുമതലപ്പെടുത്തിയിരുന്നില്ല; കോൺഗ്രസിന്റെ യുവതുർക്കിയെ പരസ്യമായി തള്ളിപ്പറഞ്ഞ് വി ഡി സതീശൻ; തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് രാഹുലിനെ നീക്കുമോ ?

തിരുവനന്തപുരം: പി വി അൻവറിനെ കാണാൻ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ്സോ യു ഡി എഫോ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും കാണാൻ പോയത് തെറ്റെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ ഒരു ജൂനിയർ എം എൽ എ ആണ്. അൻവറിനെ കാണാൻ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അൻവറിനു മുന്നിലുള്ള വാതിലുകൾ യു ഡി എഫ് അടച്ച സ്ഥിതിക്ക് രാഹുൽ അൻവറിനെ കാണാൻ പാടിയില്ലായിരുന്നു. വിശദീകരണം ചോദിക്കേണ്ടത് താനല്ലെന്നും. നേരിൽ കാണുമ്പോൾ രാഹുലിനെ വ്യക്തിപരമായി ശാസിക്കുമെന്നും സതീശൻ പറഞ്ഞു.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ രഹസ്യ സന്ദർശനം. അൻവറുമായി ഇനി ചർച്ചയ്ക്കില്ലെന്ന് യു ഡി എഫ് പരസ്യമായി പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച. എന്നാൽ സന്ദർശനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എൽ ഡി എഫ് പരിഹാസവുമായി രംഗത്ത് എത്തിയിരുന്നു. പകൽ വെല്ലുവിളിക്കുകയും രാത്രി കാലുപിടിക്കുകയും ചെയ്യുക എന്നത് യു ഡി എഫിന്റെ ഗതികേടാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി തന്നെ രംഗത്ത് വന്നതോടെ മുന്നണി പ്രതിരോധത്തിലാകുകയായിരുന്നു.

ദേശീയതലത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന തൃണമൂൽ കോൺഗ്രസിനെ കേരളത്തിൽ മുന്നണിയിലെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പാർട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. യു ഡി എഫിലേക്ക് താനില്ലെന്നും പണമില്ലാത്തതിനാൽ താൻ മത്സരിക്കുന്നില്ലെന്നുമായിരുന്നു അൻവർ ഇന്നലെ രാവിലെ പ്രഖ്യാപിച്ചത്. എന്നാൽ താൻ മത്സരിക്കുമെന്ന് വൈകുന്നേരത്തോടെ നിലപാട് മാറ്റി. അൻവർ മത്സരത്തിന് ഒരുങ്ങുന്നുവെന്ന് ഉറപ്പായതോടെയാണ് ചർച്ചകൾ അവസാനിപ്പിച്ചിട്ടും രാഹുൽ മാങ്കൂട്ടത്തിൽ അൻവറിനെ കാണാനെത്തിയത്.

Related Articles

Latest Articles