Monday, June 3, 2024
spot_img

ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന കാർട്ടൂൺ പങ്കുവച്ചു; അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ കേസെടുത്ത് ജമ്മു കാശ്മീർ പോലീസ്

ഹിന്ദുമത വികാരം വ്രണപ്പെടുത്തുന്ന കാർട്ടൂൺ പങ്കുവച്ചതിന് കത്വ ബലാത്സംഗ കേസിലൂടെ പ്രശസ്തി നേടിയ അഭിഭാഷക ദീപിക സിംഗ് രജാവത്തിനെതിരെ ജമ്മു കാശ്മീർ പോലീസ് കേസെടുത്തു. ദിവസങ്ങൾക്കു മുമ്പ്, ഹിന്ദുത്വത്തെയും ഹിന്ദുമത വിശ്വാസികളുടെ ആഘോഷങ്ങളെയും അപമാനിക്കുന്ന രീതിയിലുള്ള കാർട്ടൂൺ ദീപിക പങ്കു വെച്ചിരുന്നു.

ഒക്ടോബർ 19 നാണ് ‘വിരോധാഭാസം’ എന്ന തലക്കെട്ടോടെ നവരാത്രി സമയത്ത് പുരുഷൻ ദേവിയുടെ കാൽതൊട്ടു വന്ദിക്കുന്നതും, ബാക്കിയുള്ള സമയങ്ങളിൽ ഇതേ പുരുഷൻ സ്ത്രീയെ ഭോഗിക്കാനൊരുങ്ങുന്നതു പോലെ കാൽ പിടിച്ചിരിക്കുന്നതുമായ കാർട്ടൂൺ അഭിഭാഷക പങ്കുവെച്ചത്.
ഇതിനു പിന്നാലെ ദീപികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നിരുന്നു. ദീപിക സിംഗ് രജാവത്തിനെതിരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തിട്ടുള്ളത്.

ഇന്ത്യൻ പീനൽ കോഡിലെ 505 (രണ്ട് സമുദായങ്ങൾക്കിടയിലോ മതവിശ്വാസികൾക്കിടയിലോ ഭയമോ ആശങ്കയോ ഉണ്ടാക്കും വിധത്തിൽ അധിക്ഷേപകരമോ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റായതോ ആയ കാര്യങ്ങൾ പ്രചരിപ്പിക്കുക ), 294 ( മറ്റുള്ളവരിൽ അസ്വസ്ഥതയുളവാക്കുന്ന രീതിയിൽ പൊതു ഇടങ്ങളിൽ അശ്ലീലമായ പ്രവർത്തികളിൽ ഏർപ്പെടുക) എന്നീ വകുപ്പുകൾ പ്രകാരമാണ് ദീപികക്കെതിരെ കേസെടുത്തിരിക്കുന്നത്.

Related Articles

Latest Articles