Thursday, December 18, 2025

‘സുരക്ഷിതത്വത്തിൽ സന്തോഷത്തോടെ ജീവിച്ച മനുഷ്യർ; എല്ലാ രോഗങ്ങളെയും ഭേദമാക്കാൻ കഴിയുന്ന ശുദ്ധവായു നിറഞ്ഞ ഇടം’; ശാന്തിയുടെയും സമാധാനത്തിന്റെയും നാടായിരുന്ന അഫ്ഗാനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

സഞ്ചാരിയും യാത്രാ എഴുത്തുകാരനുമായ ക്രിസ്റ്റഫർ ബാൽഫോർ അദ്ദേഹത്തിന്റെ ‘AFGHANISTAN at a time of peace’ (അഫ്ഗാനിസ്ഥാൻ ശാന്തിയുടെ കാലത്ത്) എന്ന പുസ്തകത്തിൽ ഇന്ന് കാണുന്ന അഫ്ഗാനിസ്ഥാനിൽ നിന്നും തീർത്തും വ്യത്യസ്ഥമായ ആ രാജ്യത്തിന്റെ ഒരു മുഖം വെളിപ്പെടുത്തുകയാണ്. അക്രമങ്ങളും അശാന്തിയും സ്പർശിക്കപ്പെടാതെ നിലനിന്ന ഒരു നാടിന്റെ നല്ല കാലങ്ങളെ തിരിച്ചറിയാൻ ഈ പുസ്തകം നമ്മളെ സഹായിക്കുന്നു. 1955 ൽ കേംബ്രിഡ്ജിൽ നിന്നുള്ള ലാൻഡ് റോവർ പര്യവേഷണ ടീമിന്റെ ഭാഗമായിരുന്നു ക്രിസ്റ്റഫർ ബാൽഫോർ, 11 രാജ്യങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശത്തേക്ക് ലാൻഡ് റോവറിൽ യാത്ര ചെയ്യ്ത അദ്ദേഹം അക്കാലത്തെ ആധുനിക ജീവിതരീതി വലിയ തരത്തിൽ സ്പർശിച്ചിട്ടില്ലാത്ത മാറ്റങ്ങളുണ്ടാക്കാത്ത ഒരു സ്ഥലം കണ്ടെത്തി.

തുടർന്ന് അവർ കാബൂളിൽ പ്രവേശിച്ച് രാജ്യമെമ്പാടും സഞ്ചരിച്ചു, അതിശയകരമായ ഗ്രാമപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്തു. വിദൂരമായ ബൊഹറാക് താഴ്വരയിലെത്തി സർദെ നദിക്കരയിൽ ക്യാമ്പ് സ്ഥാപിച്ചു. പുസ്തകത്തിലുടനീളം, ബാൽഫോർ തങ്ങളുടെ സംഘത്തിന്റെ യാത്രകളും അവർ എത്തിച്ചേരുന്ന സ്ഥലങ്ങളും, സഞ്ചരിക്കുന്ന ലാൻഡ് റോവറിന്റെ പ്രവർത്തനവും അറ്റകുറ്റപ്പണിയുമെല്ലാം അദ്ദേഹം വിവരിക്കുന്നുണ്ട്.

കാബൂളിൽ അഫ്ഗാൻ അധികാരികൾ ബാൽഫോറിനേയും സംഘത്തേയും സ്വാഗതം ചെയ്തതും, പർവതപ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് സർദെ നദിക്കരയിൽ എത്തിയപ്പോൾ അവിടെ ക്യാമ്പ് സ്ഥാപിക്കാൻ ആ നാട്ടിലെ ജനങ്ങൾ ക്ഷണിച്ചതും, മൂന്നാഴ്ചയോളം അവിടത്തെ അന്തേവാസികളുടെ ദയയിലും സ്നേഹത്തിലും കഴിഞ്ഞതുമെല്ലാം ക്രിസ്റ്റഫർ ബാൽഫോർ വിവരിക്കുന്നു. അക്കാലത്തെ അഫ്ഗാൻ ജനതയുടെ ജീവിതരീതികളുടെ നേർചിത്രം പുസ്തകത്തിൽ നിന്നും വ്യക്തമാക്കുന്നുണ്ട്.

ദൃശ്യമായ വലിയ കെട്ടിടങ്ങളില്ല. സമൃദ്ധമായ പുല്ലും മരങ്ങളും മാത്രം. എല്ലാ രോഗങ്ങളേയും സുഖപ്പെടുത്താൻ കഴിയുന്ന ശുദ്ധമായ വായു നിറഞ്ഞ മനോഹരമായ ഒരിടം.
ക്രിസ്റ്റഫർ ബാൽഫോർ തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തിയ ആകർഷണീയമായ കുറേയധികം ചിത്രങ്ങൾ മാർക്കോ പോളോയുടെ കാലം മുതൽ മാറ്റമില്ലാത്ത മനോഹരമായ ഒരു രാജ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു. അഫ്ഗാനിസ്ഥാന്റെ സമാധാനവും സമൃദ്ധിയും നിറഞ്ഞ കാലത്തിന്റെ മുഖം ബാൽഫോറിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളിലൂടെ വ്യക്തമായി കാണാം.

അടുത്തുള്ള നദിയിൽ നിന്നും പിടിച്ച രണ്ട് മത്സ്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന ഒരു പ്രദേശവാസിയുടെ ചിത്രം നാടിന്റെ നിഷ്കളങ്കമായ ജനതയുടെ മുഖം വെളിപ്പെടുത്തുന്നു. കൂടാതെ ഹസറത്ത് അലി ബിൻ അബി താലിബിന്റെ ശവകുടീരം കുടികൊള്ളുന്നുവെന്ന് സുന്നി മുസ്ലീങ്ങൾ വിശ്വസിക്കുന്ന ബാൽഖ് പ്രവിശ്യയിലെ നീല നിറത്തിലുള്ള ഒരു പള്ളിയുടെ ചിത്രം കാണാം.

മാത്രമല്ല വലിയ ക്ഷേത്രവും രണ്ട് ബാമിയൻ പ്രതിമകളുടെയും ചിത്രം ബാൽഫോർ തന്റെ ക്യാമറ കണ്ണുകളിൽ പിടിച്ചെടുത്തു. നൂറുകണക്കിന് അടി ഉയരത്തിൽ ഒരു പാറക്കെട്ടിലേക്ക് കൊത്തിയെടുത്ത ഒരു വലിയ ബുദ്ധ പ്രതിമ. പിന്നീടത് 2001 ൽ താലിബാൻ നശിപ്പിച്ചു.


ഒരു മനുഷ്യൻ മുതുകിൽ പുല്ല് കെട്ടുന്നതും, ഒരു കർഷകൻ തന്റെ വയലിൽ വിത്തുവിതക്കുന്നതിനായി പാടം ഉഴുതു മറിക്കാൻ രണ്ട് പശുക്കളെ ഉപയോഗിക്കുന്നതും, കൂടാതെ ഗതാഗതത്തിനായി ഒട്ടകങ്ങളുമായി മരുഭൂമിയിൽ സഞ്ചരിക്കുന്നതുമെല്ലാം പഴയ അഫ്ഗാന്റെ ഗൃഹാതുരത്വം ഉണർത്തുന്ന ചിത്രങ്ങളാണ്.

അഫ്ഗാൻ ചരിത്രത്തിലെ അവസാന രാജാവായിരുന്നു മുഹമ്മദ് സാഹിർ ഷാ.1973 ൽ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതുവരെ അദ്ദേഹം ആ നാട് ഭരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിലുടനീളം രാജ്യത്തെ നിഷ്പക്ഷതയുടെ പാതയിലേക്ക് നയിച്ച വ്യക്തിയായിരുന്നു മുഹമ്മദ് സാഹിർ ഷാ. സ്ത്രീകളുടെ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും പാർലമെൻറ്, തിരഞ്ഞെടുപ്പ്, സ്വതന്ത്ര മാധ്യമങ്ങൾ എന്നിവക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പരിഷ്കാരങ്ങളും ഉൾപ്പെടെ നിരവധി രാഷ്ട്രീയ സാമൂഹിക മാറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ഒരു ജനകീയ നേതാവായിരുന്നു അദ്ദേഹം.

1950 കളിൽ, സാഹിർ ഷാ രാജ്യത്തെ നവീകരിക്കാൻ തുടങ്ങി, ഒരു പുതിയ ഭരണഘടനയും ഭരണഘടനാപരമായ രാജവാഴ്ചയും അദ്ദേഹം സൃഷ്ടിച്ചു. 1973ൽ ഇറ്റലിയിൽ തന്റെ അവധിക്കാലം ആഘോഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ ബന്ധുവും മുൻ പ്രധാനമന്ത്രിയുമായ മുഹമ്മദ് ദൗദ് ഖാൻ തന്ത്രപരമായി ആസൂത്രണം ചെയ്ത അട്ടിമറിയിലൂടെ മുഹമ്മദ് സാഹിർ ഷാ അധികാരത്തിൽ നിന്നും സ്ഥാനഭ്രഷ്ടനായി. ഏതാണ്ട് 225 വർഷത്തെ രാജവാഴ്ച അവസാനിപ്പിച്ചു കൊണ്ട് ഖാൻ ഏകകക്ഷി റിപ്പബ്ലിക്ക് സ്ഥാപിച്ചു. 2002 ൽ സാഹിർ ഷാ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തി. രാഷ്ട്രപിതാവ് എന്ന പദവി ലഭിക്കുന്നതുവരെ അദ്ദേഹം പ്രവാസത്തിലായിരുന്നു. 2007 ലാണ് മുഹമ്മദ് സാഹിർ ഷാ മരിക്കുന്നത്.

സാഹിർ ഷായുടെ നീണ്ട ഭരണകാലം അഫ്ഗാൻ രാജ്യത്തിന്റെ സമാധാന കാലത്തെ അടയാളപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ ഭരണം നഷ്ടമായതിനപ്പുറത്തേയ്ക്ക് ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ഒരു രാജ്യത്തെയാണ് പിന്നീട് കാണാൻ സാധിച്ചത്. ഇന്നും അഫ്ഗാനികൾ ഗൃഹാതുരതയോടെ ഓർക്കുന്ന ഒരു നല്ല കാലമായിരുന്നു സാഹിർ ഷാ ഭരണകാലം.

Related Articles

Latest Articles