ദില്ലി മൃഗശാലയിൽ പുതിയ അതിഥികൾ കൂടി.18 വർഷത്തിന് ശേഷം ആദ്യമായി ഒരു ബംഗാൾ കടുവ ദില്ലി മൃഗശാലയിൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മൃഗശാലയിലെ സിദ്ധി എന്ന് പേരുള്ള കടുവ അഞ്ച് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. അതിൽ മൂന്ന് കുട്ടികൾ ജനിച്ചയുടൻ തന്നെ ചത്തു. അമ്മയും ജീവനുള്ള രണ്ട് കുഞ്ഞുങ്ങളും നല്ല ആരോഗ്യമുള്ളവരാണെന്നും ഇവർ നിരന്തരം സിസിടിവി നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി മൃഗശാലയിൽ നാല് മുതിർന്ന ബംഗാൾ കടുവകളുണ്ട്. കരൺ, സിദ്ധി, അദിതി, ബർഖ.നാഗ്പൂരിലെ ഗോരെവാഡയിൽ നിന്നാണ് സിദ്ധിയെയും അദിതിയെയും കൊണ്ടുവന്നത്. 1959 നവംബർ 1-ന് ഉദ്ഘാടനം ചെയ്തതു മുതൽ മൃഗശാലയിൽ കടുവകൾ വളർന്ന് വരികയാണ്. 2010ൽ സെൻട്രൽ മൃഗശാല അതോറിറ്റി ആരംഭിച്ച ബ്രീഡിംഗ് പ്രോഗ്രാമിന്റെ ഭാഗമായി, കടുവകളുടെ പങ്കാളിത്തമുള്ള മൃഗശാലയായി ദില്ലി മൃഗശാലയെ തിരഞ്ഞെടുത്തിരുന്നു.

