Sunday, May 12, 2024
spot_img

പുതിയ ഭാരതത്തിന്റെ ചൂടറിഞ്ഞ് ബ്രിട്ടൺ ! ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങൾക്ക് അധിക സുരക്ഷ ഉറപ്പുവരുത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി; ഇന്ത്യൻ ഹൈക്കമ്മീഷണറെ നേരിൽക്കണ്ട് സുരക്ഷ ഉറപ്പ് നൽകി ജെയിംസ് ക്ലെവർലി

ദില്ലി: ബ്രിട്ടനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് നേരെ നടന്ന ഖാലിസ്ഥാൻ വിഘടനവാദികളുടെ ആക്രമണത്തിൽ ഗുരുതരമായ സുരക്ഷാ പിഴവ് ആരോപിച്ച് ഇന്ത്യ നടത്തിയ പ്രതികരണങ്ങൾക്ക് ഫലപ്രാപ്‌തി. രാജ്യത്തെ ഇന്ത്യൻ കാര്യാലയങ്ങൾക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. യു കെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം ദൊരൈസാമിയെ നേരിൽക്കണ്ടാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുടെ വാഗ്ദാനം. ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് നേരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇത് പരിഹരിക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ ഹൈക്കമ്മീഷണറെ കണ്ടത്. സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ ഓഫിസിനും വീടിനും നൽകിവന്ന അധിക സുരക്ഷ ഇന്ത്യ ഇന്നലെ പിൻവലിച്ചിരുന്നു.

ഇന്നലെ മുതൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് അടുത്തേക്ക് പ്രക്ഷോപകരെ പോലീസ് കടത്തിവിടുന്നില്ല. ബാരിക്കേഡുകൾ സ്ഥാപിച്ച് അധിക സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ഖാലിസ്ഥാൻ വാദികൾ കെട്ടിടത്തിനടുത്തുവരെ എത്തുകയും ജനലുകൾ തകർക്കുകയും ദേശീയപതാക വലിച്ചു കീറുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിലാണ് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ സ്ഥാനപതികാര്യാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കുമെന്നും പ്രക്ഷോഭകരെ കാര്യാലയത്തിനടുത്തേക്ക് കടത്തി വിടാതെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയുമായി ആഴത്തിലുള്ള സുദൃഢ ബന്ധം ബ്രിട്ടൺ ആഗ്രഹിക്കുന്നുവെന്നും കൂടുതൽ വിപണിയും തൊഴിലും സൃഷ്ടിക്കാനുള്ള സംയുക്തപോരാട്ടം തുടരാമെന്നും ഇതിനായി വിഭാവനം ചെയ്തിട്ടുള്ള ഇന്ത്യ യു കെ ജോയിന്റ് റോഡ് മാപ്പ് 2030 നടപ്പിലാക്കാൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിരിക്കേണ്ടതുണ്ടെന്നും ക്ലെവർലി കൂട്ടിച്ചേർത്തു.

Related Articles

Latest Articles