Sunday, December 14, 2025

മൻമോഹൻ സിംഗിന് പിന്നാലെ രാജ്യത്തിനെയും മോദിയെയും പ്രശംസിച്ച് രാഹുൽ ഗാന്ധി !

നരേന്ദ്രമോദി സർക്കാർ എന്ത് ചെയ്താലും അതിനെ നഖശിഖാന്തം എതിർക്കുക എന്നത് കോൺഗ്രസ്സിന്റെ പതിവ് രീതിയാണ്. അതിപ്പോൾ ഇന്ത്യക്ക് വളരെയധികം ഗുണകരമായ കാര്യമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെങ്കിലും പ്രതിപക്ഷം അതിനെ എതിർത്തിരിക്കും. എന്നാൽ ഇപ്പോഴിതാ, കേന്ദ്രസർക്കാരിന്റെ നിലപാട് പ്രതിപക്ഷവും അംഗീകരിച്ചിരിക്കുകയാണ്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാടിനോട് പ്രതിപക്ഷം യോജിക്കുന്നു. പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം പ്രതിപക്ഷ സംഘം മനസ്സിലാക്കുന്നുവെന്നും ഉക്രെയ്‌നില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ രാജ്യത്തിന്റെ നിലപാടിനോട് വലിയതോതില്‍ യോജിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ബ്രസല്‍സ് പ്രസ് ക്ലബ്ബിന്റെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് കേന്ദ്ര സർക്കാരിന്റെ നിലപാടിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അംഗീകരിച്ചിരിക്കുന്നത്. അതേസമയം, മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മോദി സര്‍ക്കാരിനെ പ്രശംസിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയും മോദി സർക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നിലവില്‍ നിര്‍ദ്ദേശിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായ നിലപാട് പ്രതിപക്ഷത്തിന് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍, ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വില്‍പ്പന ഉയരുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, സമാധാനത്തിന് വേണ്ടി റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ തന്നെ, റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങിയ മോദി സര്‍ക്കാരിന്റെ നിലപാടിനെ അഭിനന്ദിച്ച് കൊണ്ട് മുൻ പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ്ങും രംഗത്തെത്തിയിരുന്നു. രണ്ട് രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ ഏതു ഭാഗത്ത് നിലകൊള്ളണമെന്നത് സംബന്ധിച്ച് രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ഉണ്ടാകും. സമാധാനത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ സ്വന്തം സാമ്പത്തികതാൽപ്പര്യങ്ങൾക്ക് മുന്‍ഗണന നൽകുന്ന രീതിയിൽ ഇന്ത്യ പ്രവർത്തിച്ചുവെന്നാണ് ജി -20 ഉച്ചകോടിയുടെ ഭാഗമായി ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മൻ മോഹൻ സിങ് പ്രതികരിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണ് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനുള്ളത്. അതേസമയം, റഷ്യയുടെ ക്രൂഡ് ഓയില്‍ വിലക്കുറവിലാണ് ഇന്ത്യ ഇന്ന് വാങ്ങുന്നത്. എണ്ണ ഇറക്കുമതി നിര്‍ണ്ണയിക്കുന്നത് അതിന്റെ ദേശീയ താല്‍പ്പര്യവും വലിയ ഉപഭോക്തൃ അടിത്തറയും കണക്കിലെടുത്തായിരിക്കുമെന്ന് ഇന്ത്യ പല അവസരങ്ങളിലും വാദിച്ചിരുന്നു. കൂടാതെ, സംഘര്‍ഷത്തിന് നേരത്തെയുള്ള പരിഹാരത്തിനായി റഷ്യ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

Related Articles

Latest Articles