Sunday, May 12, 2024
spot_img

ഉത്തരകൊറിയയ്ക്ക് പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് വാഗ്നർ കൂലിപ്പട്ടാളവും ! ഹിസ്ബുല്ലയ്ക്ക് അത്യാധുനിക മിസൈലുകൾ അടക്കം കൈമാറും ! വിഷയത്തിൽ പ്രതികരിക്കാതെ റഷ്യ

വാഷിങ്ടൻ : അതിർത്തി കടന്നെത്തി ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കുരിതിക്കുള്ള ഇസ്രയേലിന്റെ തിരിച്ചടി ഗാസയിലേക്കുള്ള കരയുദ്ധത്തിലെത്തി നിൽക്കെ നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്. ഹമാസിന്റെ പക്ഷം ചേരുമെന്നു പ്രഖ്യാപിച്ച വാഗ്നർ , ഇറാന്റെ പിന്തുണയുള്ള ലബനനിലെ ഹിസ്ബുല്ലയ്ക്കു ആയുധങ്ങൾ നൽകാനൊരുങ്ങുന്നു എന്നാണു ലഭ്യമായ ഏറ്റവും ഒടുവിലത്തെ വിവരം. അമേരിക്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആധുനിക വിമാനവേധ മിസൈലായ എസ്എ–22 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഹിസ്ബുല്ലയ്ക്കു വാഗ്നർ നൽകുമെന്നാണ് കരുതപ്പെടുന്നത്. ട്രക്കുകളിൽ നിന്ന് വിക്ഷേപിക്കാനാവുന്ന സർഫസ് ടു എയർ മിസൈലും വളരെ ഉയരത്തിൽ പറക്കുന്ന യുദ്ധവിമാനങ്ങളെപ്പോലും തകർക്കാനാകുന്ന വിമാനവേധ ആയുധങ്ങളും ഉൾപ്പെടുന്നതാണ് പാന്റ്‌സിർ– എസ്1 എന്നറിയപ്പെടുന്ന എസ്എ–22 സംവിധാനം. റഷ്യൻ സാങ്കേതിക വിദ്യയിലാണ് ഇതിന്റെ പ്രവർത്തനം. ഒന്നര വർഷമായി തുടരുന്ന റഷ്യ– യുക്രെയ്ൻ യുദ്ധത്തിലും വാഗ്നർ പട എസ്എ–22 ഉപയോഗിച്ചിരുന്നു .

അതേസമയം ഇസ്രയേൽ സേനയും ഹിസ്ബുല്ലയും തമ്മിൽ നടക്കുന്ന പോരാട്ടം ലബനൻ അതിർത്തിയിൽ രൂക്ഷമാകുകയാണ്. ഇതിനിടെയാണ് വാഗ്നർ ഗ്രൂപ്പിന്റെ രംഗപ്രവേശം. എസ്എ–22 സംവിധാനം ലബനനിൽനിന്ന് ഗാസയിലേക്ക് എത്തിക്കുമോ, ഹമാസിന്റെ കൈവശമെത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. വിഷയത്തിൽ റഷ്യ ഇതു വരെയും പ്രതികരിച്ചിട്ടില്ല. വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ഗിനി പ്രിഗോഷിന്റെ മരണം ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ആരാണ് ഗ്രൂപ്പിനെ നയിക്കുന്നത് എന്ന കാര്യത്തിൽ അജ്ഞത തുടരുകയാണ്. രാജ്യാന്തരതലത്തിലുള്ള സൈനിക നിയമങ്ങളൊന്നും കൂലിപ്പട്ടാളത്തിനു ബാധകമല്ല എന്നതിനാൽ തന്നെ വാഗ്നർ ഗ്രൂപ്പ് ലോകത്തിലെ തന്നെ മറ്റൊരു തീവ്രവാദി സംഘടനയായി മാറുമോ എന്ന് പോലും വിദഗ്ദർ ആശങ്കപ്പെട്ടിരുന്നു. ഗ്രൂപ്പിലെ അംഗങ്ങളെല്ലാം കുറ്റവാളികളോ സമാന സാഹചര്യത്തിലോ ഉള്ളവരാണ്.

അതേസമയം ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സേന കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയായിരുന്നു ആക്രമണം. ഹമാസിനു ആയുധങ്ങൾ നൽകണമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയയും തീരുമാനിച്ചിരുന്നു.

Related Articles

Latest Articles