Saturday, December 13, 2025

മോട്ടോർ വാഹനവകുപ്പിന്റെ ഒരു കളിയും ഇവിടെ നടക്കില്ല; കരിപ്പൂർ റൺവേയിൽ ഓടുന്ന ഇൻഡിഗോ ബസിന് പിഴയിട്ടതോടുകൂടി കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി അടച്ചു തീർത്ത് ഇൻഡിഗോ വിമാനക്കമ്പനി

മലപ്പുറം: ഇൻഡിഗോ കമ്പനിയെ മോട്ടോർ വാഹന വകുപ്പ് വേട്ടയാടാൻ തുടങ്ങിയതോടെ കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി അടച്ചു തീർത്ത് ഇൻഡിഗോ വിമാനക്കമ്പനി. കരിപ്പൂർ വിമാനത്തവളത്തിലെ ഇൻഡിഗോ എയർലൈൻസിന്റെ ബസ്സിനെതിരെയും ആർ.ടി.ഒയുടെ നിയമലംഘന നോട്ടീസ് കിട്ടി. കരിപ്പൂർ വിമാനത്താവളത്തിനകത്ത് വിമാന യാത്രക്കാർക്കായി സർവീസ് നടത്തുന്ന ബസ്സിനെതിരെയാണ് നികുതി കുടിശ്ശിക വരുത്തിയെന്ന് കാണിച്ച് മലപ്പുറം ആർ.ടി.ഒ നോട്ടീസ് നൽകിയത്.

ചൊവ്വാഴ്‌ച്ച കരിപ്പൂർ വിമാനത്താവളത്തിനകത്ത് നടത്തുന്ന മറ്റൊരു ബസ് നികുതി കുടിശ്ശിക വരുത്തിയതിനെതിരെ ഫറോക് അസി.മോട്ടോർ വെഹിക്കൾ ഇൻസ്‌പെകടർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മലപ്പുറം ആർ.ടി.ഒ ഇന്നു ഇൻഡിഗോയുടെ മറ്റൊരു ബസ്സിനെതിരെയും നടപടി സ്വീകരിച്ചത്.

എന്നാൽ, ബസ് വിമാനത്താവളത്തിനകത്തായതിനാൽ ആർ.ടി.ഒക്ക് വാഹനം കസ്റ്റിഡിയിലെടുക്കാൻ കഴിഞ്ഞില്ല. അതേ സമയം മോട്ടോർ വാഹന വകുപ്പ് വേട്ടയാടൻ തുടങ്ങിയതോടെ കുടിശ്ശിക വരുത്തിയ ബസുകളുടെ വാഹന നികുതി ഇൻഡിഗോ വിമാന കമ്പനി അടച്ചു തകർത്തു. വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന രണ്ട് ബസ്സുകളുടെ നികുതിയാണ് കമ്പനി കുടിശ്ശിക വരുത്തിയത്.

പിഴത്തുക ഉൾപ്പെടെ അടച്ച് തീർത്തതായി അറിയിച്ച മോട്ടോർ വാഹന വകുപ്പ്, കസ്റ്റഡിയിലെടുത്ത ബസ് അടുത്ത ദിവസം തന്നെ വിട്ടുകൊടുക്കുമെന്നും വ്യക്തമാക്കി. ഇൻഡിഗോയുടെ രണ്ടു ബസുകളാണ് വാഹനനികുതി അടച്ചില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ഒരു ബസ് ഇന്നലെ രാമനാട്ടുകരയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന ബസിന് പിഴ സഹിതം അടക്കേണ്ടത് 37,000 രൂപയായിരുന്നു.

ഇൻഡിഗോ ബസുകൾക്കെതിരെ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. നികുതി ഒടുക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഇത്തരത്തിൽ ഓടുന്നുണ്ട് എന്ന കണക്ക് മോട്ടോർ വാഹന വകുപ്പ് ശേഖരിക്കുന്നുണ്ട്. വിമാനത്താവളത്തിനകത്ത് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് സാധാരണ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ ഇന്നലെ പിടികൂടിയ ബസ് നേരത്തെ രജിസ്റ്റർ ചെയ്തതാണ്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ടാക്സ് അടയ്ക്കാതെ സർവീസ് നടത്തുന്നുണ്ടോ എന്നാണ് പരിശോധിക്കുക. സമാനരീതിയിൽ മറ്റ് വിമാന കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്നും പരിശോധിക്കും.

 

Related Articles

Latest Articles