Thursday, May 2, 2024
spot_img

സർക്കാർ വകുപ്പുകളുടെ ഫ്യൂസൂരാൻ സി എ ജി… പരീക്ഷാഭവനു മുകളില്‍ താല്‍ക്കാലിക നില; മഴയില്‍ പുതിയ നിര്‍മിതിയുടെ ഒരു ഭാഗം തകര്‍ന്നു, അലുമിനിയം ഫാബ്രിക്കേഷന്‍ ഭാഗങ്ങളും 2.35 കോടി രൂപയും ‘പറന്നുപോയി’

പൊതുമരാമത്ത്‌, വിദ്യാഭ്യാസ വകുപ്പുകളെ പ്രതിക്കൂട്ടിലാക്കി വീണ്ടും കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്‌. പരീക്ഷാഭവനില്‍ താല്‍ക്കാലിക നില നിര്‍മിച്ച്‌ 2.35 കോടി നഷ്‌ടപ്പെടുത്തിയെന്നാണ്‌ റിപ്പോര്‍ട്ട്‌. കാറ്റില്‍ തകര്‍ന്നുവീണ താല്‍ക്കാലിക നില ഉപയോഗശൂന്യമായ അവസ്‌ഥയിലാണ്‌.

തോക്കും വെടിയുണ്ടകളും കാണാനില്ലെന്നതടക്കം പോലീസ്‌ സേനയിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട്‌ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണു പുതിയ കണ്ടെത്തല്‍.

കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്താണ്‌ പരീക്ഷാഭവന്റെ ആറുനിലക്കെട്ടിടത്തിനു മുകളില്‍ താല്‍ക്കാലികമായി ഒരു നില കൂടി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌. വിദ്യാഭ്യാസവകുപ്പിന്റെ വിവേകശൂന്യമായ തീരുമാനം എന്നാണു സി.എ.ജി. ഇതിനെപ്പറ്റി പറയുന്നത്‌. 33 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ ആറാംനിലയുടെ മുകളില്‍ താല്‍ക്കാലിക നിര്‍മാണം നടത്തുന്നതിനോട്‌ 2011 ഒക്‌ടോബറില്‍ പരീക്ഷാഭവന്‍ ജോയിന്റ്‌ സെക്രട്ടറി വിയോജിച്ചിരുന്നു. ആ പണം ഉപയോഗിച്ച്‌ പരീക്ഷാഭവന്‍ വളപ്പില്‍ പുതിയൊരു കെട്ടിടം നിര്‍മിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശം അംഗീകരിക്കാതെയാണു താല്‍ക്കാലിക നിര്‍മാണമെന്ന തീരുമാനവുമായി മുന്നോട്ടുപോയത്‌.

കെട്ടിടത്തിന്റെ ഉറപ്പ്‌ നിര്‍ണയിക്കുന്നതില്‍ പൊതുമരാമത്ത്‌ വകുപ്പും പരാജയപ്പെട്ടു. അതുമൂലം നിര്‍മ്മിതി ഭാഗികമായി തകര്‍ന്നു, സംസ്‌ഥാനത്തിനു നഷ്‌ടം 2.35 കോടി രൂപ.

കമ്പ്യൂട്ടര്‍ ലാബ്‌, സെര്‍വര്‍ മുറികള്‍, സിസ്‌റ്റം മാനേജരുടെ മുറി, ശുചിമുറികള്‍ എന്നിവയടങ്ങിയ താല്‍ക്കാലിക നിലയ്‌ക്കാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ 2012 ഫെബ്രുവരിയില്‍ ഭരണാനുമതി നല്‍കിയത്‌. മാര്‍ച്ചില്‍ സാങ്കേതികാനുമതി ലഭിച്ചു. ജൂണില്‍ കരാര്‍ നല്‍കി. 2018 മേയില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഇലക്‌ട്രിക്കല്‍ വിഭാഗം എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയര്‍ അറിയിച്ചു.

നാലുവര്‍ഷമായി പണി നടന്നിട്ടും പൊതുമരാമത്ത്‌ വകുപ്പിന്റെ സിവില്‍, ഇലക്‌ട്രിക്കല്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മ മൂലം പുതിയ നിര്‍മിതി പ്രവര്‍ത്തന സജ്‌ജമായില്ല. ഇക്കാര്യം പരീക്ഷാഭവന്‍ ജോയിന്റ്‌ കമ്മിഷണര്‍ 2016 ജൂണില്‍ പൊതുവിദ്യാഭ്യാസ ഡയറക്‌ടറെയും പൊതുമരാമത്ത്‌ വകുപ്പിനെയും രേഖാമൂലം അറിയിച്ചു. ഏതാനും ദിവസത്തിനകം പെയ്‌ത ശക്‌തമായ മഴയില്‍ മുകള്‍ത്തട്ടിലെ ഭാഗങ്ങള്‍ ഉള്‍പ്പെടെ പുതിയ നിര്‍മിതിയുടെ ഒരു ഭാഗം തകര്‍ന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ഭാഗങ്ങള്‍ കാറ്റില്‍ പറന്നുപോയി.

കെട്ടിടങ്ങളും നിര്‍മ്മിതികളും ഘടകങ്ങളും രൂപകല്‍പ്പന ചെയ്യുമ്പോള്‍ കാറ്റിന്റെ ഗതിയും ശക്‌തിയും മറ്റും കണക്കിലെടുക്കണമെന്നാണ്‌ ദേശീയ കെട്ടിട നിര്‍മാണച്ചട്ടത്തില്‍ പറയുന്നത്‌. എന്നാല്‍ ഈ നിര്‍മ്മിതിയുടെ രൂപകല്‍പ്പന സാധാരണ മര്‍ദം താങ്ങാവുന്ന രീതിയില്‍ മാത്രമായിരുന്നു. ആറാംനിലയില്‍ കാറ്റിന്റെ മര്‍ദം കുറയ്‌ക്കാനുതകുന്ന ക്രോസ്‌ വെന്റിലേഷന്‍ ഒഴിവാക്കുകയും ചെയ്‌തു.

Related Articles

Latest Articles