ദില്ലി : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിൽ തുടരുന്ന ഒരാള്‍ക്കും അടിയന്തരസഹായമായി 25 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ച് എയര്‍ഇന്ത്യ. നേരത്തേ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപവീതം നല്‍കുമെന്ന് എയര്‍ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റാ ഗ്രൂപ്പും അറിയിച്ചിരുന്നു.
എയര്‍ഇന്ത്യയുടെ മാനേജ്‌മെന്റ് സംഘം അഹമ്മദാബാദിലുണ്ടെന്നും ആവശ്യമുള്ളിടത്തോളം സമയം തങ്ങള്‍ അവിടെ തുടരുമെന്നും അടിയന്തരസഹായമായാണ് ഇപ്പോള്‍ 25 ലക്ഷം രൂപ നല്‍കുന്നതെന്നും എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ വ്യക്തമാക്കി.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് 1:38 ന് തകർന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്രക്കാരനായ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് എംബിബിഎസ് വിദ്യാര്‍ഥികളടക്കം 29 പ്രദേശവാസികളും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

