കൊച്ചി: കെനിയയിലെ നെഹ്‌റൂറു പ്രാവശ്യയിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുക. മൂവാറ്റുപുഴ സ്വദേശിനി ജസ്‌ന (29), മകള്‍ റൂഹി മെഹ്‌റിന്‍ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
കെനിയയില്‍നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഇളവ് അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മൃതദേഹങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് ഏറ്റുവാങ്ങും. ഇവിടെനിന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും.
ഈ മാസം ഒന്‍പതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയന്‍ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍. കെനിയൻ തലസ്ഥാനമായ നെയ്‌റോബിയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെ നെഹ്‌റൂറുവിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബസ് കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട് താഴ്ചയിലേയ്ക്ക് കീഴ്‌മേല്‍ മറിയുകയായിരുന്നു.

