Sunday, January 4, 2026

ഒന്നാം നിലയിൽ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ചു ! വിഷപ്പുക എത്തിയത് രണ്ടാം നിലയിൽ !! ദമ്പതികൾക്കും പതിമൂന്നുകാരിയായ മകൾക്കും ദാരുണാന്ത്യം

ഫരീദാബാദിലെ നാല് നിലകെട്ടിടത്തിൽ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു ദമ്പതികൾക്കും പതിമൂന്നുകാരിയായ മകൾക്കും ദാരുണാന്ത്യം. ദമ്പതികളുടെ 24-കാരനായ മകന്‍ ജനലിലൂടെ പുറത്തേക്ക് ചാടിയെങ്കിലും ഗുരുതമായി പരിക്കേറ്റു. ഫരീദാബാദിലെ ഗ്രീന്‍ ഫീല്‍ഡ് കോളനിയില്‍ ഉണ്ടായ അപകടത്തിൽ സച്ചിന്‍ കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജ്ജയ്ന്‍ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ വളര്‍ത്തുനായയും ചത്തു.

കുടുംബം ഉറക്കത്തിലായിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്‌ഫോടനമുണ്ടായത്.ഒന്നാം നിലയിലാണ് സ്‌ഫോടനം നടന്നതെങ്കിലും വിഷപ്പുക രണ്ടാം നിലയിലാണ് പടർന്നത്. ഒന്നാം നിലയില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. മരിച്ചവരെല്ലാം ഒരു മുറിയിലാണ് കിടന്നിരുന്നതെന്നാണ് വിവരം. മറ്റൊരു മുറിയിലുണ്ടായിരുന്ന ദമ്പതികളുടെ 24-കാരനായ മകന്‍ ആര്യന്‍ കപൂര്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അപകടം തിരിച്ചറിഞ്ഞ് ജനലിലൂടെ താഴേക്ക് ചാടി രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റു.

കുടുംബം ടെറസിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മൂന്ന് പേരും അവരുടെ വളര്‍ത്തുനായയും മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles