ദില്ലി:ഒക്ടോബര്‍ 8- ഇന്ത്യന്‍ വ്യോമസേനാ ദിനം (Indian Airforce Day). ഭാരതത്തിന്റെ വ്യോമസേന സ്ഥാപിതമായിട്ട് ഇന്ന് 89 വർഷം. വളരെ വിപുലമായ ആഘോഷപരിപാടികളോടെ രാജ്യം വ്യോമ സേനാ ദിനം ആചരിക്കും.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിൻഡാൻ എയർ ഫോഴ്സ് സ്റ്റേഷനിൽ എല്ലാ വർഷത്തേയും പോലെ ഈപ്രാവശ്യവും വ്യോമ സേന അഭ്യാസ പ്രകടനം നടത്തും. വ്യോമസേനാ മേധാവിയുടെയും മൂന്ന് സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ആഘോഷങ്ങൾ നടത്തുക.
ഇന്ത്യന്‍ സേനയിലെ മൂന്ന് പ്രമുഖ വിഭാഗങ്ങളില്‍ ഒന്നാണ് വ്യോമസേന. ഇന്ത്യയുടെ വ്യോമസൈനിക പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്. ഇന്ത്യന്‍ സായുധ സേനയുടെ ആകാശസേനയാണ്് ഇന്ത്യന്‍ എയര്‍ ഫോഴ്സ് (ഐഎഎഫ്). ലോകത്തിലെ വായുസേനാ ശക്തികളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യന്‍ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം.
1932 ഒക്ടോബർ 8നാണ് എയർ ഫോഴ്സ് സ്ഥാപിക്കുന്നത്. ബ്രിട്ടീഷുകാരുടെ സഹായസൈന്യം എന്ന നിലയിലാണ് സ്ഥാപിക്കപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സേന ഇന്ത്യയുടെ സ്വന്തം വ്യോമസേനയായി മാറുകയായിരുന്നു. 1950 ൽ ഇന്ത്യ റിപ്ലബിക് രാഷ്‌ട്രമായപ്പോൾ റോയൽ എന്ന പേര് എടുത്തു മാറ്റുകയായിരുന്നു. അതിന് ശേഷം ഇന്ത്യൻ എയർ ഫോഴ്സ് എന്നറിയപ്പെട്ടു തുടങ്ങി.
കലുഷിതമായ പല യുദ്ധങ്ങളിലും വ്യോമസേനയുടെ പങ്ക് നിർണായകമാണ്. ലോകം അത്ഭുതത്തോടെ ഉറ്റു നോക്കുന്ന ആയുധങ്ങളുടെ ശേഖരം കൊണ്ട് സമ്പന്നമാണ് വ്യോമസേന.

