ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ ഒന്നിൽ വെച്ച് നടന്ന തർക്കത്തിനിടെ യാത്രക്കാരനെ മർദിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്ത വീരേന്ദർ സെജ്‌വാൾ എന്ന പൈലറ്റിനെ വിമാനക്കമ്പനി സസ്‌പെൻഡ് ചെയ്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം വിഷയത്തിൽ ഇടപെടുകയും പൈലറ്റിനെതിരെ ഔദ്യോഗിക അന്വേഷണം ആരംഭിക്കാനും ഉത്തരവിടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ദില്ലി വിമാനത്താവളത്തിൽ വെച്ചുണ്ടായ ദുരനുഭവം മർദനമേറ്റ യാത്രക്കാരനായ അങ്കിത് ദേവൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. സ്‌പൈസ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ അങ്കിതിനൊപ്പം നാല് മാസം പ്രായമുള്ള കുഞ്ഞും കുടുംബവുമുണ്ടായിരുന്നു. വിമാനത്താവളത്തിലെ തിരക്ക് പരിഗണിച്ച്, ജീവനക്കാർക്കും ശാരീരിക പരിമിതിയുള്ളവർക്കുമായുള്ള പ്രത്യേക സുരക്ഷാ പരിശോധനാ കവാടം ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ ഇവർക്ക് നിർദ്ദേശം നൽകി. ഈ സമയത്ത് ക്യൂ പാലിക്കാതെ വന്ന വിമാന ജീവനക്കാരുടെ സംഘത്തിലുണ്ടായിരുന്ന വീരേന്ദർ സെജ്‌വാളുമായി അങ്കിത് വാക്കേറ്റത്തിലാവുകയും, തുടർന്ന് പൈലറ്റ് അക്രമാസക്തനായി അങ്കിതിനെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി.
സംഭവം നടക്കുമ്പോൾ വീരേന്ദർ സെജ്‌വാൾ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നില്ലെന്നും മറ്റൊരു വിമാനത്തിൽ യാത്രക്കാരനായി പോകാൻ എത്തിയതായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ വിഷയത്തിൽ ഔദ്യോഗികമായ പരാതി ലഭിച്ചിട്ടില്ലെങ്കിലും, യാത്രക്കാരൻ രേഖാമൂലം പരാതി നൽകിയാലുടൻ നിയമനടപടികൾ ആരംഭിക്കുമെന്ന് ദില്ലി പോലീസ് അറിയിച്ചു. അതേസമയം, യാത്രക്കാരന്റെ സുരക്ഷയ്ക്കും അന്തസ്സിനും മുൻഗണന നൽകുമെന്നും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം തുടരുകയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.

