കൊട്ടാരക്കര: പ്രമുഖ സിപിഎം വനിതാ നേതാവ് ഐഷാ പോറ്റി പാർട്ടി വിടാനൊരുങ്ങുന്നതായി സൂചന. ഇന്ന് കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ ഐഷാ പോറ്റി പങ്കെടുക്കുന്നുണ്ട്. ഇന്നുവരെ പാർട്ടി വിടുന്നതിനെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെങ്കിലും ഇനി നാളെ എന്തെന്നറിയില്ല എന്നാണ് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം സിപിഎം വിട്ടാൽ എല്ലാവിധ പിന്തുണയും നൽകുമെന്ന് യു ഡി എഫ് ഉറപ്പുനൽകിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രമുഖ നേതാവ് സിപിഎം വിടാനൊരുങ്ങുന്നത്.
യു ഡി എഫിൽ നിന്ന് കൊട്ടാരക്കര മണ്ഡലം എൽ ഡി എഫിന് വേണ്ടി പിടിച്ചെടുത്ത നേതാവാണ് ഐഷാ പോറ്റി. മൂന്നു തവണ അവർ അവിടെനിന്ന് വിജയിച്ചു. ഒടുവിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനായി പാർട്ടി ഐഷയെ വെട്ടിനിരത്തി. മൂന്നുതവണ വിജയിച്ചിട്ടും മറ്റൊരാൾക്കായി മണ്ഡലം ഒഴിഞ്ഞുകൊടുത്തിട്ടും പാർട്ടി മറ്റൊരു പ്രമോഷൻ ഐഷയ്ക്ക് നൽകിയില്ല. മാത്രമല്ല ഏരിയ കമ്മിറ്റിയിൽ നിന്നും പാർട്ടി അനുകൂല സംഘടനയായ ലയേഴ്‌സ് യൂണിയനിൽ നിന്നും പുറത്താകുകയും ചെയ്‌തു. 42000 ത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കൊട്ടാരക്കര മണ്ഡലംത്തിൽ നിന്നും ഐഷാപോറ്റി വിജയിച്ചത്.

