Wednesday, December 17, 2025

ആവിഷ്‌കാര സ്വാതന്ത്ര്യം സൈനികരെ അപമാനിക്കാനുള്ളതല്ല; രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി; ലഖ്‌നൗ കോടതിയിൽ നേരിട്ട് ഹാജരാകണം

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആവിഷ്‌കാര സ്വാതന്ത്ര്യം സൈനികരെ അപമാനിക്കാനുള്ളതല്ലെന്നും സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങളുണ്ടെന്നും കോടതി. മാനനഷ്‌ടക്കേസിൽ ലഖ്‌നൗ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.

ഇന്ത്യൻ സൈനികരെ അരുണാചൽ പ്രദേശിൽ തല്ലിച്ചതയ്ക്കുന്നു എന്ന 2022 ലെ ഭാരത് ജോഡോ യാത്രയ്ക്കിടയിൽ രാജസ്ഥാനിൽ നടത്തിയ പ്രസ്താവനക്കെതിരെ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തിരുന്നു. ‘ഭാരത് ജോഡോ യാത്രയെ കുറിച്ചും സച്ചിൻ പൈലറ്റിനെ കുറിച്ചും അശോക് ഗെഹ്‌ലോട്ടിനെ കുറിച്ചും നിങ്ങൾ ചോദ്യങ്ങൾ ചോദിക്കും. എന്നാൽ ചൈന ഭാരതത്തിന്റെ 2000 ചതുരശ്ര കിലോമീറ്റർ പിടിച്ചെടുത്തതിനെ കുറിച്ചും അരുണാചലിൽ ഇന്ത്യൻ സൈന്യത്തെ തല്ലി ചതയ്ക്കുന്നതിനെ കുറിച്ചും ആരും ചോദ്യങ്ങൾ ചോദിക്കുന്നില്ല. എല്ലാം ജനങ്ങൾ അറിയുന്നുണ്ട്’ – എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞത്.

ഈ പ്രസ്താവനയ്‌ക്കെതിരെയാണ് ഉത്തർപ്രദേശ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യപ്പെട്ടത്. ഇതിൽ വിചാരണ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയക്കുകയായിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോഴാണ് രൂക്ഷ വിമർശനം ഉയർന്നതും ഹർജി തള്ളിയതും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ മുൻ ഡയറക്ടർ ഉദയ് ശങ്കർ ശ്രീവാസ്തവയാണ് രാഹുലിനെതിരെ പരാതി നൽകിയത്.

Related Articles

Latest Articles