തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില കുത്തനെ വർദ്ധിച്ചതിന് ശേഷം ബാറുകളും മദ്യ വിൽപ്പന ശാലകളും ഇന്ന് മുതൽ തുറക്കും. വിലയിലെ വർദ്ധനവ് കഴിഞ്ഞ ദിവസം മുതലാണ് പ്രാബല്യത്തിൽ വന്നതെങ്കിലും, ഒന്നാം തീയതി ആയതിനാൽ മദ്യശാലകളും ബാറുകളും തുറന്നു പ്രവർത്തിച്ചിരുന്നില്ല. നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ മദ്യവില വർദ്ധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബജറ്റിൽ 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർദ്ധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബിവറേജസ് കോർപ്പറേഷൻ വിറ്റുവരവ് നികുതി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, മദ്യവിലയിൽ 10 രൂപയുടെ കൂടി വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതിനാലാണ് മദ്യവില ഉയർന്നത്.
ബിവറേജസ് കോർപ്പറേഷൻ വിറ്റുവരവ് നികുതി ഏർപ്പെടുത്തിയതോടെ, 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ അധികം നൽകേണ്ടിവരും. 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 50 രൂപയാണ് വർദ്ധിക്കുക. നഷ്ടം നികത്താൻ ബജറ്റിൽ പ്രഖ്യാപിച്ചതിലും വില കൂട്ടുമെന്ന് നേരത്തെ തന്നെ ബെവ്കോ അറിയിച്ചിരുന്നു. 2022 ഡിസംബറിൽ 10 രൂപ മുതൽ 20 രൂപ വരെ വില കൂട്ടിയതിന് പിന്നാലെയാണ് പുതിയ വർദ്ധനവ്.

