Friday, December 26, 2025

നടുറോഡില്‍ മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

മലപ്പുറം: നടുറോഡില്‍ നിന്ന് മദ്യപിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ പ്രതിയെ പിടികൂടി കരുവാരക്കുണ്ട് പോലീസ്. കരുവാരക്കുണ്ട് സ്വദേശിയായ സാജു വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു.

ചൊവ്വാഴ്ച ഉച്ചക്കാണ് സാജു കരുവാരക്കുണ്ട് ചിറക്കലില്‍ നടുറോഡില്‍ വെച്ച് മദ്യപിച്ചത്. ഈ ദൃശ്യം ആരോ മൊബൈലില്‍ പകര്‍ത്തുകയും ബുധനാഴ്ച ഉച്ചയോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് ദൃശ്യം വൈറലാവുകയായിരുന്നു.

ബുധനാഴ്ച ഉച്ചക്ക് തന്നെ പോലീസെത്തി ഇയാളെ പിടികൂടി. എന്തിനാണ് പോലീസ് പിടികൂടിയതെന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാജു അറിയുന്നത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related Articles

Latest Articles