Sunday, May 12, 2024
spot_img

പ്ലസ്‌വൺ പ്രവേശനം; ആദ്യ അലോട്ട്‌മെന്റ് സെപ്റ്റംബർ 14ന്

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അപേക്ഷയിൽ രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്‌കൂളിൽ ഫീസടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.

താൽകാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികളെല്ലാം നിർദ്ദിഷ്ട സമയത്ത് സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Related Articles

Latest Articles