Thursday, December 11, 2025

ഇന്ത്യയിൽ 15 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കും; ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ പങ്കാളിത്തം കമ്പനി ലക്ഷ്യമിടുന്നു, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ആമസോൺ സിഇഒ ആൻഡി ജാസി

ഇന്ത്യയില്‍ 15 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ആമസോൺ സിഇഒ ആൻഡി ജാസി. കമ്പനി ഇതുവരെ ഇന്ത്യയില്‍ 11 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് യുഎസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പ്രധാനമന്ത്രിയുമായി നടന്നത് ഏറ്റവും മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്നും ആന്‍ഡി ജാസി വ്യക്തമാക്കി.

‘ഞങ്ങള്‍ ഇതുവരെ 11 ബില്യണ്‍ യുഎസ് ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ പതിനഞ്ച് ബില്യണ്‍ ഡോളര്‍കൂടി നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം 26 ബില്യണ്‍ യുഎസ് ഡോളര്‍ എന്ന തലത്തിലേക്ക് ഉയരും. അതിനാല്‍ ഭാവിയില്‍ ഇന്ത്യയില്‍ കൂടുതല്‍ പങ്കാളിത്തം കൈവരിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു’-ജാസി കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ പ്രസിഡന്റുമായും സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച മികച്ചതും ഫലപ്രദവുമായിരുന്നതായി വിദേശകാര്യ മന്ത്രാലയവും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇ-കൊമേഴ്സ് മേഖലയിലും ഇന്ത്യയിലെ ലോജിസ്റ്റിക് മേഖലയിലും ആമസോണുമായി സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തതായി ട്വീറ്റില്‍ പറയുന്നു.

Related Articles

Latest Articles