Tuesday, December 16, 2025

ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിൽ ഭേദഗതി ! ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. നിലവില്‍ മനോജ് സിന്‍ഹയാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍.

പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന്‍ അനുമതിയിലും ഉന്നത ഉദ്യോഗസ്ഥരുടെ നിയമനങ്ങള്‍ക്കും ഗവണറുടെ അനുമതി അനിവാര്യമാണ്. ചീഫ് സെക്രട്ടറി മുഖാന്തരമാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ടത്.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയത്. ഈ വര്‍ഷം അവസാനം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ ഭേദഗതി എന്നതാണ് നിര്‍ണായകം. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതോടെ ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.

Related Articles

Latest Articles