Thursday, October 29, 2026

ശക്തമായ ഒഴുക്ക്… കുന്നു കൂടിയ മാലിന്യം ! ആമയിഴഞ്ചാൻ തോട്ടിലെ രക്ഷാപ്രവർത്തനം നീളുന്നു; കാണാതായ തൊഴിലാളിക്കായുള്ള തെരച്ചിൽ നാലാം മണിക്കൂറിലേക്ക്

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ നഗരസഭയിലെ താത്കാലിക ജീവനക്കാരനായുള്ള തെരച്ചിൽ തുടരുന്നു. മാരായമുട്ടം സ്വദേശി ജോയിയെ ആണ് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ തോട് വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം. ജോയിയെ കണ്ടെത്താനായി അഗ്നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടില്‍ വന്‍തോതില്‍ മാലിന്യമുള്ളത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുകയാണ്. വെള്ളം താഴ്ന്നതിനാലും മാലിന്യം കുന്ന് കൂടി കിടക്കുന്നതിനാലും മുങ്ങൽ വിദഗ്ധർക്ക് തെരച്ചിൽ നടത്താൻ സാധിക്കാത്ത അവസ്ഥയാണ്.

നിലവില്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കി ജോയിയെ കണ്ടെത്താനാണ് ശ്രമം. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകിയെത്തുന്നത് ആമയിഴഞ്ചാൻ തോട്ടിലേക്കാണ്. അതിനാൽ തന്നെ അപകടസ്ഥലത്ത് മഴയില്ലെങ്കിലും അടിയൊഴുക്ക് ശക്തമായി അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇതും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

Related Articles

Latest Articles