Sunday, October 4, 2026

സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ മറ്റ് സംസ്ഥാനക്കാരെപ്രവേശിപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കണമെന്ന് സുപ്രീംകോടതി എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടാനും ജസ്റ്റിസ്മാരായ എസ്എ ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

കേരള സര്‍ക്കാരിന്റെ പ്രോസ്‌പെക്ടസിലെ 6.1 വ്യവസ്ഥ ( നേറ്റിവിറ്റി ) പ്രകാരം സംസ്ഥാനത്ത് സ്ഥിരതാമസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന് അപേക്ഷിക്കാനാവൂ. ഇത് ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

സംസ്ഥാനത്ത് 18 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 2150 എംബിബിഎസ് സീറ്റുകളാണുള്ളത്. 5 ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. നേറ്റിവിറ്റി ഉപാധി ഇല്ലാതായാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് മാനേജ്‌മെന്റുകളുടെ പ്രതീക്ഷ.

Related Articles

Latest Articles