യു.എ.ഇ യില്‍ ഏഷ്യാ കപ്പ് ആവേശം കൊണ്ടിരിക്കുമ്പോൾ സോഷ്യല്‍ മീഡിയക്കകത്ത് മുന്‍ താരങ്ങളും സെലിബ്രേറ്റികളുമൊക്കെ വാഗ്വാദങ്ങളും ചര്‍ച്ചകളുമൊക്കെയായി സജീവമാണ്. മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്രയും പാക് നടി സെഹര്‍ ഷിന്‍വാരിയും തമ്മില്‍ ട്വിറ്ററില്‍ നടക്കുന്ന വാഗ്വാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.
പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മത്സരത്തില്‍ അഫ്ഗാനിസ്ഥാൻ ജയിച്ചാല്‍ ഇന്ത്യക്ക് മുന്നില്‍ ഫൈനല്‍ സാധ്യതകള്‍ തുറന്നു വരുമെന്നിരിക്കെ അമിത് മിശ്ര ഒരു ട്വീറ്റ് ചെയ്തു. ‘അഫ്ഗാന്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ ഒരാഴ്ച താന്‍ അഫ്ഗാന്‍ ചാപ് കഴിക്കുമെന്നായിരുന്നു’ ട്വീറ്റ്. എന്നാല്‍ അവസാന ഓവര്‍ വരെ ആവേശം അണപൊട്ടിയ മത്സരത്തില്‍ പാകിസ്താന്‍ അഫ്ഗാനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ അമിത് മിശ്രയുടെ ട്വീറ്റിന് മറുപടിയുമായി ഷിന്‍വാരി രംഗത്തെത്തി. ഒരാഴ്ച മിശ്ര ഇനി ചാണകം തിന്നുമെന്നായിരുന്നു ഷിന്‍വാരി മറുപടിയായി ട്വീറ്റ് ചെയ്തത്.
ഷിന്‍വാരിയുടെ ട്വീറ്റ് വന്നയുടന്‍ അടുത്ത ട്വീറ്റുമായി അമിത് മിശ്രയെത്തി. തനിക്ക് പാകിസ്ഥാനില്‍ വരാന്‍ ആഗ്രഹമില്ലെന്നായിരുന്നു മിശ്രയുടെ മറുപടി. ഷിന്‍വാരിയുടെ ട്വീറ്റിന് പിറകെ നിരവധി ഇന്ത്യന്‍ ആരാധകരാണ് പാക് നടിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്.
എന്നാല്‍ ഷിന്‍വാരി വാഗ്വാദം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ‘എന്തിനാണ് പാകിസ്ഥാനിലേക്ക് വരുന്നത്. ഇന്ത്യയില്‍ ചാണകത്തിന്‍റെ സ്റ്റോക് തീര്‍ന്നോ’ എന്നായിരുന്നു നടിയുടെ അവസാന ട്വീറ്റ്. എന്നാൽ അമിത് മിശ്ര ഷിന്‍വാരിയുടെ പ്രതികരണത്തിന് പിന്നെ മറുപടി നൽകിയില്ല.

